ഏറ്റുമാനൂർ മഹാദേവക്ഷേത്രം: ഇന്ന് അഞ്ചാം ഉത്സവം, ഭക്തജനത്തിരക്കേറി

Mail This Article
ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 4 ദിനങ്ങൾ പിന്നിട്ടതോടെ ഏറ്റുമാനൂരപ്പനെ കണ്ട് വണങ്ങാനും, വഴിപാടുകൾ സമർപ്പിക്കുവാനും ക്ഷേത്രാങ്കണത്തിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ നടന്ന ഉത്സവ ബലി ദർശനത്തിന് മാത്രം ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. പ്രധാന വഴിപാടായ കെടാവിളക്കിൽ എണ്ണ ഒഴിക്കാനും പ്രസാദമൂട്ടിനും വലിയ തിരക്കായിരുന്നു . അവധി ദിവസം ആയിരുന്നതിനാൽ ഭക്തരുടെ സുരക്ഷയ്ക്കും ദർശന സൗകര്യത്തിനുമായി കൂടുതൽ സജ്ജീകരണങ്ങൾ ദേവസ്വവും പൊലീസും ഒരുക്കിയിരുന്നു.
കഥകളി കാണുവാൻ മുൻ വർഷത്തെപ്പോലെ വിദേശികളും ക്ഷേത്ര മൈതാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ ശ്രീബലി എഴുന്നള്ളത്തിനോട് അനുബന്ധിച്ചു നടന്ന ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും 85ൽപ്പരം കലാകാരന്മാരും അണി നിരന്ന സ്പെഷൽ പഞ്ചാരി മേളവും വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നള്ളത്തിനോട് അനുബന്ധിച്ച് കലാമണ്ഡലം വിനയനും 55ൽ പരം കലാകാരന്മാരും ചേർന്നൊരുക്കിയ പഞ്ചവാദ്യവും മേള പ്രേമികളെ ആവേശത്തിലാക്കി. ഇന്ന് ശ്രീബലിക്ക് പെരുവനം സതീശൻ മാരാർ ആൻഡ് പാർട്ടിയുടെ സ്പെഷൽ പഞ്ചാരിമേളം നടക്കും. 95ൽപ്പരം കലാകാരന്മാർ അണി നിരക്കും.
ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ദേശ താലപ്പൊലി സമർപ്പണത്തിനും ഇന്നലെ തുടക്കമായി. 205–ാം നമ്പർ ഏറ്റുമാനൂർ വിളക്കിത്തല നായർ സമുദായത്തിന്റെ താലപ്പൊലി സമർപ്പണത്തോടെയാണ് ഇക്കുറി ദേശ താലപ്പൊലികൾക്ക് ആരംഭം കുറിച്ചത്. ഇന്ന് ഏറ്റുമാനൂർ കാക്കാല സമുദായ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള താലപ്പൊലി സമർപ്പണം നടക്കും. രണ്ടാം ഉത്സവ ദിനം മുതൽ ആരംഭിച്ച ഉത്സവബലിയും കാട്ടാംപാക്ക് മഠത്തിൽ കുടുംബത്തിന് അവകാശമായ വേലകളിയും ഒൻപതാം ഉത്സവം വരെ തുടരും.
∙ കഥകളി രാവുകൾക്ക് ഇന്ന് സമാപനം
ഏറ്റുമാനൂർ ഉത്സവത്തോടനുബന്ധിച്ച് തിരുവരങ്ങിൽ 3 ദിവസമായി നടന്നു വരുന്ന കഥകളി രാവുകൾക്ക് ഇന്ന് സമാപനമാകും. ഇന്നലെ കല്യാണ സൗഗന്ധികം, നരകാസുര വധം കഥകളാണ് അരങ്ങേറിയത്. പ്രഫ. കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ ഭീമനായി അരങ്ങിലെത്തിയത് കഥകളി പ്രേമികളെ ആവേശത്തിലാക്കി. ഇന്ന് കർണശപഥം, ദക്ഷയാഗം കഥകളാണ് അവതരിപ്പിക്കുന്നത്. കലാമണ്ഡലം കൃഷ്ണ കുമാർ കർണനായി അരങ്ങിലെത്തും.
ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി
ഏറ്റുമാനൂർ∙ ഏറ്റുമാനൂരപ്പന്റെ ആറാട്ട് കടവായ പൂവത്തുമൂട്ടിൽ ആറാട്ട് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ആറാട്ട് എതിരേൽപ് കമ്മിറ്റി പ്രസിഡന്റ് ഡോ. ശ്രീജിത്ത് കൃഷ്ണൻ, വാർഡ് കൗൺസിലർ സിന്ധു കറുത്തേടം,ഉത്സവ കമ്മിറ്റി അംഗം ആർ.അശോക് ,ആറാട്ട് കമ്മിറ്റി സെക്രട്ടറി സൂരജ് കോക്കാപള്ളി, ട്രഷറർ എസ്.സുനിൽകുമാർ കമ്മിറ്റി അംഗങ്ങളായ എൻ.ജി.മനോജ് കുമാർ, കെ.ജി.ജയപ്രകാശ്, നിഖിൽ എസ്.നായർ എന്നിവർ ഒരുക്കങ്ങൾ വിശദീകരിച്ചു. ഏറ്റവും നല്ല നല്ല നിലയിൽ ആറാട്ട് നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ഉദ്യോഗസ്ഥർക്കും സംഘാടകർക്കും മന്ത്രി നിർദേശം നൽകി. സിപിഎം നേതാക്കളായ കെ.എൻ.വേണുഗോപാൽ, ബാബു ജോർജ്, എം.എസ്.ചന്ദ്രൻ, പി.എസ്.ജോൺ, വിജീഷ് വിജയൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
∙ ഏറ്റുമാനൂരിൽ ഇന്ന്
മഹാദേവക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിനമായ ഇന്ന് രാവിലെ 7ന് ശ്രീബലി– സ്പെഷൽ പഞ്ചാരിമേളം പെരുവനം സതീശൻ മാരാർ. ഉച്ചയ്ക്ക് 12ന് വയലിൻ കച്ചേരി, 12.45ന് സംഗീത സദസ്സ്– ചോറ്റാനിക്കര കെ.എൻ.അജയകുമാർ, ഉച്ചയ്ക്ക് ഒന്നിന് ഉത്സവ ബലിദർശനം പ്രസാദ് മൂട്ട്, 1.30ന് ക്ലാസിക്കൽ ഡാൻസ്, 2ന് നൃത്ത നൃത്യങ്ങൾ, 2.30 മുതൽ 4.30 വരെ തിരുവാതിര കളി, വൈകുന്നേരം 5ന് കാഴ്ച ശ്രീബലി, വേല, സേവ– മേജർ സെറ്റ് സ്പെഷൽ പഞ്ചവാദ്യം – കോങ്ങാട് മധുവിന്റെയും ചേർപ്പുളശ്ശേരി ശിവന്റെയും നേതൃത്വത്തിൽ 65 പരം കലാകാരന്മാരുടെ വാദ്യ വിസ്മയം. 6ന് താലപ്പൊലി സമർപ്പണം– ഏറ്റുമാനൂർ കാക്കാല സമുദായ സൊസൈറ്റി, 8.45ന് ക്ലാസിക്കൽ ഡാൻസ്, 9ന് ഭരതനാട്യം, 10ന് മേജർ സെറ്റ് കഥകളി – അവതരണം– കേരള കലാമണ്ഡലം കൽപിത സർവകലാശാല , കഥ 1. കർണ ശപഥം കഥ 2– ദക്ഷയാഗം. കലാമണ്ഡലം ഹരിനാരായണൻ ദക്ഷനായി അരങ്ങിലെത്തും.