വിശാലമായ പാറപ്പുറവും മനോഹരമായ കാഴ്ചയും; കയറാം, കാണാം എള്ളുമ്പുറംപാറ

Mail This Article
∙ വിശാലമായ പാറപ്പുറവും മനോഹരമായ കാഴ്ചയുമാണ് എള്ളുമ്പുറംപാറ. കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിന്റെയും ഇടുക്കി ജില്ലയിലെ മുട്ടം പഞ്ചായത്തിന്റെയും അതിർത്തിയിലാണ് എള്ളുമ്പുറംപാറ സ്ഥിതി ചെയ്യുന്നത്. നീലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ കുരിശുപള്ളിയായ സെന്റ് ബെനഡിക്ട് പള്ളിയും ഇവിടെയുണ്ട്.
കാഴ്ചകൾ
15 ഏക്കറോളം വിശാലമായ പാറപ്പുറവും പുൽമേടുകളുമാണ് നീലൂരിനു സമീപമുള്ള എള്ളുമ്പുറംപാറ പ്രദേശം. എപ്പോഴും വീശുന്ന കാറ്റും പ്രത്യേകതയാണ്. രാവിലെയും വൈകിട്ടും കോടമഞ്ഞ് അണിഞ്ഞു നിൽക്കുന്ന കാഴ്ച പ്രത്യേക അനുഭൂതി പകരും. വാഹനം എത്തുന്ന പാറപ്പുറത്തു നിന്ന് ട്രെക്കിങ് നടത്തി പോകാവുന്ന പ്രദേശങ്ങളുമുണ്ട്. പാറപ്പുറത്തു കൂടി വാഹനം ഓടിക്കാൻ ഓഫ് റോഡ് ഡ്രൈവർമാരും എത്താറുണ്ട്. നീലൂരിന് സമീപമുള്ള പെരുംകുന്ന് പ്രദേശവും ഇതിനൊപ്പം കാണാം. വിവിധ തരം കൃഷികൾ ചെയ്യുന്ന നാടാണിത്. നാട്ടുഭംഗിയും ആസ്വദിക്കാം.
ഇതുവഴി എത്താം
കോട്ടയത്തു നിന്ന് പാലാ– തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ നിന്നു തിരിഞ്ഞ് നീലൂർ ചൂൽസിറ്റി ജംക്‌ഷനിൽ എത്തുക. ഇവിടെ നിന്ന് നീലൂർ– എള്ളുമ്പുറം– കാഞ്ഞിരംകവല റോഡ് വഴി മുന്നോട്ട് വന്നാൽ എള്ളുമ്പുറംപാറയിൽ എത്താം. വഴിയിൽ നിന്നു പാറയിലേക്ക് തിരിയേണ്ട സ്ഥലത്ത് സെന്റ് ബെനഡിക്ട് ചർച്ച് എന്ന ബോർഡുണ്ട്. ദൂരം: 45 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന്) ഈരാറ്റുപേട്ട– മുട്ടം റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപത്തു നിന്ന് കാഞ്ഞിരംകവല–എള്ളുമ്പുറം റോഡ് വഴിയും ഇവിടെ എത്താം. ഇലവിഴാപ്പൂഞ്ചിറയിൽ നിന്ന് ഈരാറ്റുപേട്ട– മുട്ടം റോഡിൽ വന്ന് ഇറങ്ങുന്ന സ്ഥലമാണ് കാഞ്ഞിരംകവല. ദൂരം: 2.2 കിലോമീറ്റർ (കാഞ്ഞിരംകവലയിൽ നിന്ന്)
ശ്രദ്ധിക്കാൻ
∙ പാറപ്പുറം ആയതിനാൽ മഴ– മിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
∙ പുൽമേടുകൾ ഉള്ളതിനാൽ തീപിടിത്ത സാഹചര്യങ്ങൾ ഒഴിവാക്കണം,
∙ നീലൂർ– എള്ളുമ്പുറം– കാഞ്ഞിരംകവല റോഡ് വീതി കുറഞ്ഞ റോഡാണ്. കുത്തനെയുള്ള കയറ്റങ്ങളുമുണ്ട്. ശ്രദ്ധിച്ച് വാഹനം ഓടിക്കണം.
∙ നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കണം.
∙ പെരുംകുന്ന് പ്രദേശത്തെ പാറകൾ അപകട സാധ്യത നിറഞ്ഞതാണ്. കയറുമ്പോൾ ശ്രദ്ധിക്കണം.