കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം; ഗതാഗതം മുടങ്ങി

Mail This Article
പൊൻകുന്നം ∙ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും പനമറ്റം പുതിയകം മേഖലയിൽ വീടുകൾക്ക് നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണാണു വീടുകൾക്ക് നാശമുണ്ടായത്. താന്നിക്കൽ തെക്കേതിൽ ടി.എൻ.രവീന്ദ്രൻ, പുളിക്കൽക്കരോട്ട് ബാബു, കുറ്റിക്കാട്ട് ലീല, പുതിയകത്ത് അനീഷ് പീതാംബരൻ, പനമറ്റം പുതിയകം ഭാഗം കൊല്ലംകുന്നേൽ കെ.എസ്.മധു, നെടുംനിലത്തുംതറയിൽ എസ്. സുനിത, തോട്ടത്തിൽ പ്രസാദ് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.

ഇല്ലിക്കൂട്ടം കടപുഴകി ; ഗതാഗതം മുടങ്ങി
എരുമേലി ∙ ശബരിമല പാതയിൽ മുക്കൂട്ടുതറ കുട്ടപ്പായിപ്പടിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഇല്ലിക്കൂട്ടം കടപുഴകി റോഡിലേക്ക് വീണ് ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. ഇന്നലെ മൂന്ന് മണിയോടെ ആണ് സംഭവം. കനത്ത കാറ്റിലും മഴയിലുമാണു ഇല്ലിക്കൂട്ടം നിലം പൊത്തിയത്. 11 കെവി വൈദ്യുതി ലൈനുകളും തകർന്നു. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി ഇല്ലിക്കൂട്ടം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മരം വീണ് വീട് തകർന്നു
മുട്ടപ്പള്ളി ∙ കനത്ത കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചു. 16–ാം വാർഡ് 40 ഏക്കർ ചീരംകുളം തങ്കമ്മ (84)യുടെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നു. മേൽക്കൂരയ്ക്കും നാശനഷ്ടമുണ്ട്.