ADVERTISEMENT

കോട്ടയം ∙ മില്ലുടമകളുടെ സമ്മർദതന്ത്രത്തെ മറികടന്ന് നെൽക്കർഷക വിജയം.  ജില്ലയിലെ നെല്ലുസംഭരണം പുനരാരംഭിക്കാൻ കലക്ടർ ജോൺ വി.സാമുവൽ വിളിച്ച യോഗത്തിൽ തീരുമാനം. നെല്ലെടുപ്പിന് ഒരു മില്ലിനെ നിശ്ചയിച്ചാൽ കാലതാമസം വരുത്താതെ തന്നെ സംഭരണം ആരംഭിക്കണമെന്നും മുടക്കം വരുത്തരുതെന്നും കലക്ടർ നിർദേശിച്ചു.  കഴിഞ്ഞ ദിവസം തർക്കം ഉയർന്ന തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേകാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സംഭരണം.

വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസൻ, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധിയിലായിരുന്നു. നെൽ കർഷക സമിതി ആരംഭിച്ച സമരത്തിനു കോൺഗ്രസും പിന്തുണ നൽകി. തിങ്കളാഴ്ച രാവിലെ 11നു നെൽ കർഷക സമിതി ആരംഭിച്ച പാഡി ഓഫിസ് ഉപരോധം 10 മണിക്കൂർ നീണ്ടു. തുടർന്നാണ് ഇന്നലെ കലക്ടറേറ്റിൽ ചർച്ച നടത്താൻ തീരുമാനിച്ചത്.

നെൽക്കർഷക സംരക്ഷണ സമിതിയുടെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിഷയത്തിൽ ഇടപെട്ടു. പ്രശ്നപരിഹാരമില്ലാതെ പിന്മാറില്ലെന്ന നിലപാടെടുത്തതോടെ സമരം നീണ്ടു.ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടിയുണ്ടാകണമെന്നു യോഗത്തിൽ കർഷക പ്രതിനിധികളും രാഷ്ട്രീയനേതാക്കളും ആവശ്യപ്പെട്ടു. നിശ്ചിത നിലവാരമില്ലാത്തതാണ് പ്രശ്നമെന്നും തങ്ങൾക്ക് ഭീമമായ നഷ്ടമുണ്ടാകുന്നതായും മില്ലുടമ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതെന്ന് സപ്ലൈകോ അറിയിച്ചു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, കർഷകസംഘടനാ പ്രതിനിധികളായ റജീന അഷ്റഫ്, വി.ജെ. ലാലി, കെ.എം.രാധാകൃഷ്ണൻ, ജി.ഗോപകുമാർ, കെ.കെ.ചന്ദ്രബാബു, ഇ.എൻ.ദാസപ്പൻ, ജോസഫ് ഫിലിപ്പ്, തോമസുകുട്ടി മണക്കുന്നേൽ, കെ.ബിനിമോൻ, ജേക്കബ് കുരുവിള, പി.ബി.ലാലുമോൻ, എ.ജി. അജയകുമാർ, സുനിൽ പി. ജോർജ്, പി.കെ. സജീവ്, ടി.എം.രാജൻ, ചാക്കോ ജോസഫ്, എം.ടി. ജോസഫ്, കെ.വി.ഷാജി, ജിതിൻ ജയിംസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.ജോ ജോസ്, പാഡി മാനേജർ കെ. അനിത, പാഡി ഓഫിസർ അനുജ ജോർജ്, മില്ലുടമ പ്രതിനിധികളായ കെ.കെ. കർണൻ, വർക്കി പീറ്റർ, എൻ.പി.ഷാജു, എ.കെ. ടോമി, ഇ.ജി.സുരേഷ്ബാബു, സജികുമാർ, കെ.എം.അബ്ദുൽകാസിം, ജോൺസൺ വർഗീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
∙ നെല്ലുസംഭരണം സുഗമവും വേഗത്തിലുമാക്കുന്നതിനു കൊയ്ത്തു നടക്കുന്ന തീയതി പാടശേഖരസമിതി അറിയിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മിൽ ഏതെന്ന് നിശ്ചയിച്ചുനൽകും.
∙ അടുത്ത ദിവസം തന്നെ പാടശേഖര സമിതി ഭാരവാഹികളും മില്ലുടമകളും തമ്മിൽ ഗുണനിലവാരം സംബന്ധിച്ച ധാരണയിൽ എത്തണം.
∙ അല്ലെങ്കിൽ പാടശേഖര സമിതിയുടെയും മിൽ ഉടമ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഗുണനിലവാര പരിശോധന നടത്തി അതനുസരിച്ച് നെല്ല് എടുക്കാൻ ധാരണയുണ്ടാക്കും.
∙ മഴയടക്കം കാലാവസ്ഥ പ്രശ്നങ്ങൾ കാരണം നെല്ല് കേടായാൽ ഇരുകൂട്ടരും ചർച്ചചെയ്ത് പരിഹാരമുണ്ടാക്കണം.
∙ മില്ലിനെ നിയോഗിച്ചാൽ കാലതാമസം വരുത്താതെ നെല്ലെടുത്തു തുടങ്ങണം.
∙ മുഴുവൻ നെല്ലും തുടർച്ചയായി എടുക്കണം. മുടക്കം വരുത്തരുത്.

English Summary:

Kottayam rice farmers win against mill owners as Collector John V. Samuel orders immediate rice procurement resumption. The remaining paddy in Chengalam and Kurichi will be procured following existing contract terms.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com