‘അതുകൊണ്ടാണ് പലപ്രാവശ്യം കുത്തേറ്റിട്ടും പിടിച്ചുനിർത്തിയത്..’; ഉള്ളുലയ്ക്കുന്ന ആ അനുഭവം സുനു പറയുന്നു

Mail This Article
കോട്ടയം∙ ഇടതുചെവിക്കു പിന്നിൽ കഴുത്തിൽ തലയോട്ടിയോളം ആഴത്തിൽ മുറിവ്, ഇടതുവശത്തെ കീഴ്ത്താടിയിൽ അതിനെക്കാൾ ആഴത്തിൽ കുത്തേറ്റ മുറിവ്, നെഞ്ചിലും വലതുകൈപ്പത്തിയിലെ ചൂണ്ടുവിരലിന്റെ താഴെയും മുറിവുകൾ. അഞ്ചു മുറിവുകളിലായി 34 തുന്നലുകൾ. കത്തി കൊണ്ടുള്ള ചെറിയ മുറിവുകളും വീഴ്ചയിൽ പറ്റിയ പരുക്കുകളും വേറെ. അപ്പോഴും പ്രതിയെ രക്ഷപ്പെടാൻ സുനു ഗോപി(36) അനുവദിച്ചില്ല. ‘പ്രതിയെ വിട്ടിരുന്നെങ്കിൽ നാണക്കേടായാനേ. സഹപ്രവർത്തകരിൽ ആർക്കെങ്കിലുമൊക്കെ കുത്തേറ്റേനെ. അതുകൊണ്ടാണ് പലപ്രാവശ്യം കുത്തേറ്റിട്ടുംപിടിച്ചുനിർത്തിയത്. സിപിഒ അനൂപും ചേർന്നാണ് അവനെ തടഞ്ഞത്. എസ്ഐ അനുരാജ് , ദിലീപ്, രഞ്ജിത്ത്, ബിനു, സജിത്ത് തുടങ്ങിയവരെല്ലാം അപ്പോഴേക്കും എത്തി.’–സുനു ഗോപി പറയുന്നു.
ചുങ്കത്ത് വയോധികയെ വീട്ടിൽ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി അരുൺ ബാബുവിനെ എസ്എച്ച് മൗണ്ടിന് സമീപം പിടികൂടുമ്പോഴാണ് ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനുവിന് മാരക ആക്രമണം നേരിടേണ്ടി വന്നത്. മെഡിക്കൽ കോളജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലുമായി 9 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഏറ്റുമാനൂർ കാഞ്ഞിരമാലിയിൽ വീട്ടിൽ എത്തിയ സുനുവിന് കഴുത്തിൽ മുറിവായതിനാൽ നേരെ കിടന്നുറങ്ങാൻ പറ്റുന്നില്ല.
ബാക്കി മുറിവുകൾ മുഴുവൻ ഇടതുവശത്തായതിനാൽ ആ വശം ചരിഞ്ഞു കിടക്കാനും ആകുന്നില്ല. വലതുവശം ചേർന്നു കിടന്ന് തലയുടെ ഭാഗത്ത് നീർക്കെട്ടായി. ഇരുന്നു നേരം വെളുപ്പിക്കേണ്ടി വരുമ്പോഴും ഏൽപിച്ച ദൗത്യം കൃത്യമായി നിറവേറ്റാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സുനു. ഗാന്ധിനഗർ സ്റ്റേഷനിലെ സഹപ്രവർത്തകർക്കു പുറമേ എസ്പിയും ഡിവൈഎസ്പിയും നൽകിയ പിന്തുണയ്ക്കും നന്ദി പറയുകയാണ് സുനു.
‘16ന് വൈകിട്ട് അഞ്ചോടെ പ്രതി അവിടെയുണ്ടെന്ന് അറിഞ്ഞാണ് 7 സഹപ്രവർത്തകർ 3 ബാച്ചായി തിരിഞ്ഞ് പിടികൂടാൻ ഇറങ്ങിയത്. മഠം പടിയിൽ ബസ് സ്റ്റോപ്പിന് അടുത്തുള്ള ജംക്‌ഷനിൽനിന്ന് ഞാനും അനൂപും ടി.റോഡിലേക്ക് കയറുമ്പോൾ പ്രതി ഇറക്കം ഇറങ്ങി നടന്നുവരികയായിരുന്നു. ഞങ്ങൾ റോഡിന് ഇരുവശത്തു കൂടി മുന്നോട്ടു നീങ്ങി. ഞാൻ റോഡിന്റെ ഇടതുവശത്തു നിന്ന് നേരെ പ്രതിക്ക് അരികിൽ എത്തി.
കയ്യിൽ പിടിക്കുമ്പോഴേക്കും കത്തിയെടുത്ത് എന്റെ ഇടതുചെവിക്കു പിന്നിൽ കുത്തി. പിന്നീട് പലയിടത്തും തുടരെ കുത്തി. 40 സെക്കൻഡിനുള്ളിലാണ് ഇത്രയും ആക്രമണം. പ്രതി ലഹരിയിലായിരുന്നു. കുത്ത് കൊണ്ടിട്ടും കൈക്ക് പിടിച്ചുനിർത്തി. അപ്പോഴേക്കും അനൂപ് പ്രതിയെ വട്ടംപിടിച്ചു. രണ്ടാൾ പിടിച്ചിട്ടും കീഴടക്കാൻ പാടുപെട്ടു. ഇതിനിടെ 3 പേരും വീണു.
ഈ സമയം ഒരു കത്തി കയ്യിൽനിന്നു പിടിച്ചു വാങ്ങിക്കളഞ്ഞു. മറ്റൊരു കത്തി സിപിഒ രഞ്ജിത്ത് പിടിച്ചുവാങ്ങി. മൂന്നാമത്തെ കത്തിയും പിടിച്ചുവാങ്ങിയപ്പോഴേക്കും എസ്ഐ അനുരാജ് ജീപ്പിൽ എത്തി. ആ ജീപ്പിൽ എന്നെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഡോ. സാമുവൽ ക്രിസ്റ്റിയുടെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കി. ചെവിക്കു പിന്നിലെ മുറിവിന് ആഴമുണ്ടായിരുന്നു.കുത്ത് അൽപം മാറിയിരുന്നെങ്കിൽ തലച്ചോറിലേക്കുള്ള പ്രധാന ഞരമ്പു മുറിഞ്ഞേനേ. കുത്തിയശേഷം ആഞ്ഞുവലിച്ചതു കൊണ്ടാണ് ഇങ്ങനെ നീളത്തിൽ മുറിവുകളുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതിയുടെ കയ്യിൽ ആയുധം കാണുമെന്ന് അറിയാമായിരുന്നു. എന്നാൽ ഇത്രയും കത്തികൾ പ്രതീക്ഷിച്ചില്ല.’- സുനു ഗോപി പറഞ്ഞു.10 വർഷമായി പൊലീസിലുള്ള സുനു രണ്ടര മാസം മുൻപാണ് സ്പെഷൽ ബ്രാഞ്ചിൽ നിന്ന് ഗാന്ധിനഗർസ്റ്റേഷനിൽ എത്തിയത്. ഭാര്യ എം.എം രേഷ്മ ഈ മാസം രണ്ടിനാണ് ഇസ്രയേലിലേക്ക് കെയർ ടേക്കറായി ജോലി ലഭിച്ചുപോയത്. ഒന്നാം ക്ലാസ് വിദ്യാർഥി സൂര്യദേവ് ഏക മകൻ.