തട്ടിപ്പ്: ജില്ലാ സൈബർ സെൽ തിരിച്ചുപിടിച്ചത് ഒരു കോടി

Mail This Article
കോട്ടയം ∙ സൈബർ തട്ടിപ്പ് സംഘങ്ങളുടെ അക്കൗണ്ടുകളിൽ നിന്നു ജില്ലാ സൈബർ സെൽ തിരിച്ചു പിടിച്ചത് ഒരു കോടി രൂപ. തട്ടിപ്പിനിരയായവർക്കു പണം കൈമാറാനുള്ള നടപടി തുടങ്ങി. സൈബർ പൊലീസിന്റെ ഭാഷയിൽ ‘പുട്ട് ഓൺ ഹോൾഡ്’ എന്നാണു പണം തിരിച്ചെടുത്ത നടപടിക്കു പറയുന്നത്. തട്ടിപ്പ് നടന്നു എന്ന പരാതി ലഭിക്കുന്ന സമയം തന്നെ സൈബർ സെൽ ഇടപെട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ ബാങ്ക് മുഖേന മരവിപ്പിക്കും.
തുടർന്ന് ഈ പണം പരാതിക്കാർക്കു തിരികെ ലഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും. പണം നഷ്ടപ്പെട്ടതായി സൈബർ സെല്ലിൽ ലഭിച്ച പരാതികളിൽ 60 ശതമാനവും തിരികെ കണ്ടെത്തി നൽകിയെന്നു സൈബർ സെൽ എസ്എച്ച്ഒ വി.ആർ. ജഗദീഷ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണു സൈബർ സെല്ലിന്റെ പ്രവർത്തനം.
കുമരകം, അയ്മനം പഞ്ചായത്ത് ജനപ്രതിനിധികൾ, എൻസിസി, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, പിഎസ്‌സി ഓഫിസ് ജീവനക്കാർ എന്നിവർക്കു സൈബർ തട്ടിപ്പിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. പൊലീസ് ഉദ്യോഗസ്ഥരായ ജോബിൻ ജയിംസ്, ഷൈൻ കുമാർ, റോഷ്ന എൽഷാദ് എന്നിവരാണു ക്ലാസ് നൽകുന്നത്. സ്കൂൾ, കോളജ്, പഞ്ചായത്തുകൾ, സംഘടനകൾ എന്നിവയ്ക്ക് ക്ലാസുകൾ നൽകാനുള്ള ക്രമീകരണവും സൈബർ സെൽ ഒരുക്കിയിട്ടുണ്ട്. ഫോൺ: 9497976002.
ഡ്രൈ ഫ്രൂട്സ് ബുക്ക് ചെയ്തു; കിട്ടിയത് കല്ലും മണ്ണും: പരാതി നൽകിയിട്ടും നടപടിയില്ല
കോട്ടയം ∙ ഓൺലൈൻ വഴി ഡ്രൈ ഫ്രൂട്സ് ബുക്ക് ചെയ്തു. കിട്ടിയത് കല്ലും മണ്ണും. പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നും ആരോപണം. മാങ്ങാനം മന്ദിരത്തിനു സമീപം താമസിക്കുന്ന ഏബ്രഹാം ചാക്കോയാണ് പരാതിക്കാരൻ. 1095 രൂപയുടെ ഡ്രൈ ഫ്രൂട്സ് ആണ് ബുക്ക് ചെയ്തത്. പാഴ്സൽ കിട്ടിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാഴ്സൽ പൊട്ടിച്ച് അതിനുള്ളിലെ കല്ലും മണ്ണും അടങ്ങുന്ന ഫോട്ടോ സഹിതം ഓൺലൈൻ വഴി തന്നെ കസ്റ്റമർ സെല്ലിൽ പരാതി നൽകി. പരാതി സ്വീകരിച്ചെന്നും നടപടി സ്വീകരിച്ചു വരുന്നെന്നും മറുപടി വന്നു. പക്ഷേ, രണ്ടര മാസം പിന്നിട്ടിട്ടും പണം തിരികെ കിട്ടിയില്ലെന്നാണ് പരാതി.