ഫറോക്ക് നഗരസഭാ ഓഫിസ് പരിസരത്ത് വെള്ളക്കെട്ട് മൂലം ദുരിതം

Mail This Article
ഫറോക്ക് ∙ നഗരസഭാ ഓഫിസിനു സമീപം പാതയോരത്തെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. ചെറിയൊരു മഴ പെയ്താൽ റോഡ് വെള്ളത്തിൽ മുങ്ങുന്ന ഇവിടെ അപകടം പതിയിരിക്കുകയാണ്. വഴി നീളെ വെള്ളം കെട്ടിനിൽക്കുന്നത് കാൽനടയാത്രക്കാർക്കു ദുരിതമായി. വളരെ പ്രയാസപ്പെട്ടാണ് ജനം നടന്നു പോകുന്നത്. മഴ കനത്തു പെയ്താൽ റോഡിന്റെ പകുതിയോളം ഭാഗത്തു വെള്ളം വ്യാപിക്കും. വെള്ളം ചവിട്ടാൻ മടിക്കുന്നവർ റോഡിലേക്ക് കയറി നടക്കുന്നതു അപകട സാധ്യത ഉയർത്തുന്നു.
വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ വഴിയാത്രക്കാരുടെ ദേഹത്തു ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയാണ്. നഗരസഭാ ഓഫിസ്, വില്ലേജ് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് ദുരിതം നേരിടുന്നത്. നഗരസഭാ അധികൃതരുടെ മൂക്കിനു താഴെയുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പരക്കെ പ്രതിഷേധം ഉയർന്നു. പാതയോരത്തെ ഓടയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടതാണു വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കുന്നത്.