കാറിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം

Mail This Article
ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി– ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർ വയൽ മേഖലയിൽ ഇന്നലെ രാവിലെ കാറിനു നേരെ കാട്ടുപോത്ത് ആക്രമണം, വാഹനം ഭാഗികമായി നശിച്ചു. കാറിലെ യാത്രക്കാരായിരുന്ന 2 സ്ത്രീകളും ഒരു കുട്ടിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.പേരാമ്പ്രയിൽ നിന്നു മുള്ളൻകുന്നിലേക്കു പോകുകയായിരുന്ന പേരാമ്പ്ര സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപെട്ടത്.
കാറിലേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടുപോത്ത് ഇടിച്ചതോടെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. കാറിന്റെ ബോണറ്റ്, ലൈറ്റ് എന്നിവ നശിച്ചു.പന്നിക്കോട്ടൂർ വയൽ മേഖലയിൽ സ്ഥിരമായി കാട്ടുപോത്തുകൂട്ടം ഇറങ്ങുന്നതാണ്. എന്നാൽ റോഡിൽ അപകടം ഉണ്ടാകുന്നത് ആദ്യമാണ്. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിനുള്ളിലാണ് അപകടം സംഭവിച്ചത്.