വേങ്ങേരിയിൽ 3 വരി കൂടി ഉടൻ തുറക്കും, റോഡ് 6 വരിയാകും; മലാപ്പറമ്പിൽ 3 വരിയെങ്കിലും തുറക്കാൻ തീവ്ര ശ്രമം

Mail This Article
കോഴിക്കോട്∙ വേങ്ങേരി ഭാഗത്ത് ദേശീയ പാതയിൽ അവശേഷിക്കുന്ന 3 വരി റോഡ് അടുത്ത ദിവസം ഗതാഗതത്തിനു തുറക്കും. രാമനാട്ടുകര ഭാഗത്തേക്കുള്ള 3 വരിയിൽ ടാറിങ് പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ അതു പൂർത്തിയാക്കി റോഡ് 6 വരിയാക്കി തുറക്കാനാണ് തീരുമാനം. ഇവിടെ ഇപ്പോൾ 3 വരിയിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നത്. നിർമാണം അവസാനഘട്ടത്തിലെത്തിയ വേങ്ങേരി വെഹിക്കിൾ ഓവർ പാസ് പൂർണതോതിൽ ഉടൻ ഗതാഗതത്തിനു തുറക്കും.
ഇവിടെ സർവീസ് റോഡിനോടു ചേർന്ന് അഴുക്കുചാൽ നിർമാണം പുരോഗമിക്കുകയാണ്. ഇതു പൂർത്തിയായാൽ ഓവർ പാസ് തുറക്കും. ദേശീയപാതയിൽ മലാപ്പറമ്പ് ജംക്‌ഷനിൽ കിഴക്കുഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്. അതു പൂർത്തിയായാൽ മാത്രമേ ഓവർപാസിനു താഴെ 3 വരി ദേശീയപാത ഗതാഗതത്തിനു തുറക്കാനാകൂ. മലാപ്പറമ്പ് ജംക്‌ഷനിൽ ഇപ്പോൾ നേരിടുന്ന ഗതാഗതക്കുരുക്ക് അഴിക്കാൻ 3 വരിയെങ്കിലും തുറക്കണം. വിഷുവിനു മുൻപ് ഇതു യാഥാർഥ്യമാക്കാനാണ് കരാറുകാരുടെ തീവ്രശ്രമം.