ADVERTISEMENT

ബാലുശ്ശേരി∙ ലഹരി ദുരന്തമായി, അമ്മയ്ക്ക് പിന്നാലെ ആ വീട്ടിലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലിൽ നാട്. പനായി ചാണോറ അശോകനാണു മൂത്ത മകൻ സുധീഷിന്റെ വെട്ടേറ്റു മരിച്ചത്. 2012ൽ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയാണ് ഇളയ മകൻ സുമേഷ് വിഷം കഴിച്ച് മരിച്ചത്. രാവിലെ അച്ഛനുമായി തർക്കം ഉണ്ടാക്കിയ ശേഷം മകൻ സുധീഷ് അങ്ങാടിയിൽ എത്തിയിരുന്നു.

അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ചാണു സുധീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം. ഇതേ വീട്ടിൽ വച്ച് മുൻപും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

അന്നു വലത് കൈക്ക് കുത്തേറ്റിരുന്നു. അയൽവാസി കണ്ടതു കൊണ്ടാണു അശോകൻ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താൽ മകനെ ആദ്യം മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകൻ ഉറങ്ങിയിരുന്നത്. 2 മാസം മുൻപ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി പൊതുപ്രവർത്തകൻ മുഹ്സിൻ കീഴമ്പത്ത് പറഞ്ഞു. തുടർ ചികിത്സ മുടങ്ങി. പ്രതിയായ മകൻ സുധീഷിനെ ചോദ്യം പൊലീസ് ചോദ്യം ചെയ്തു വരുന്നു. മരണ വിവരം അറിഞ്ഞ് പൊതുപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ പേർ വീട്ടിൽ എത്തിയിരുന്നു.

അക്രമികൾക്കെതിരെ പൊലീസിൽ നിന്നുണ്ടാവേണ്ടത് കർശന നടപടി
കോഴിക്കോട്∙ താമരശ്ശേരിയിലെ ഷിബിലയെ വീട്ടിൽ കയറി ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ ഞെട്ടൽ മാറും മുൻപ് സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് നടുക്കമാകുന്നു. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ 3 സമാന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, പതിവ് ഗാർഹിക പീഡനക്കേസുകൾ കൈകാര്യം ചെയ്യുന്ന അതേ ഒത്തു തീർപ്പു മാതൃകയിലാണ് ലഹരിക്ക് അടിമപ്പെട്ടവരുടെ അക്രമങ്ങളെയും പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ഒത്തുതീർപ്പ് ശ്രമങ്ങളാണ് ഗുരുതരമായ ആക്രമണങ്ങളിലേക്ക് വഴിയൊരുക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

പ്രബിഷ നേരിട്ടത് തുടർച്ചയായ വധഭീഷണി
ചെറുവണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പേരാമ്പ്ര പുനത്ത് കാലടി പറമ്പിൽ പ്രബിഷയുടെ(29) കുടുംബവും പൊലീസ് അനാസ്ഥയ്ക്കെതിരെ രംഗത്തു വന്നു. 8 തവണയോളം ഇയാൾക്കതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് കുടുംബം പറയുന്നു. ഒരിക്കൽ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയപ്പോൾ പൊലീസുകാരുടെ മുൻപിൽ വച്ചു തന്നെ ഇയാൾ അക്രമിച്ചു.

കുറച്ചു നേരം സെല്ലിൽ ഇട്ടെങ്കിലും ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നാണ് ആരോപണം. ലഹരിക്ക് അടിമയായ പ്രശാന്ത് പലതവണ പ്രബിഷയെയും മക്കളെയും ആക്രമിച്ചിരുന്നു. മൂത്ത മകനെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. സ്കൂൾ അധ്യാപകർ പരാതി നൽകാൻ ഒരുങ്ങിയപ്പോൾ അവരെയും ഭീഷണിപ്പെടുത്തി. പ്രബിഷയുടെ ചിത്രം മോർഫ് ചെയ്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു. ഒരു വർഷം മുൻപ് വീട്ടിൽ കയറി പ്രബിഷയെയും അമ്മയെയും ആക്രമിച്ചു.

ലഹരിക്ക് അടിമയായ പ്രശാന്തിന്റെ കൂടെ ജീവിക്കാൻ കഴിയാത്തതിനാലാണു വിവാഹ ബന്ധം വേർപെടുത്തിയതെന്നു ഇവർ പറഞ്ഞു. പ്രശാന്തിന്റെ മർദനത്തെ തുടർന്നുണ്ടായ പരുക്ക് ചികിത്സിക്കാൻ എത്തിയപ്പോഴാണ് പ്രബിഷയ്ക്കു നേരെ കഴിഞ്ഞ ദിവസം ആസിഡ് ആക്രമണം ഉണ്ടായത്. വർഷങ്ങളായി തുടരുന്ന ഭീഷണിക്കും അക്രമത്തിനും എതിരെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ മകൾക്ക് ഇതു സഹിക്കേണ്ടി വരില്ലായിരുന്നുവെന്നാണ് പ്രബിഷയുടെ കുടുംബം പറയുന്നത്.മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രബിഷയ്ക്ക് ശരീരത്തിന്റെ അരഭാഗം വരെ പൊള്ളലേറ്റിട്ടുണ്ട്. ഇടതു കണ്ണു തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ഷിബില വധക്കേസ്: യാസിറിനെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി
താമരശ്ശേരി∙ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഷിബില വധക്കേസ് പ്രതി യാസിറിനെയും കൊണ്ട് ഇൻസ്പെക്ടർ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ ബാലുശ്ശേരി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തി. കൊലപാതകത്തിനു ശേഷം ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പമ്പിൽ നിന്ന് ഇന്ധനം അടിച്ച് പണം നൽകാതെ പോയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തുടർന്നാണ് പമ്പിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയത്. പമ്പ് ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു തെളിവെടുപ്പ് നടത്തിയത്. കാറിൽ ഇരിക്കുകയായിരുന്ന പ്രതിയെ ഇവിടെ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പൊലീസ് താമരശ്ശേരി കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ പ്രകാരം 27നു രാവിലെ 11 വരെയാണ് തെളിവെടുപ്പിനായി പ്രതിയെ വിട്ടു നൽകിയത്.

ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം
‘‘പൊലീസ് തൊപ്പി വച്ച ഒരാൾ ഇതുവഴി വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് അത്രയെങ്കിലും ആശ്വാസമായേനെ’’ എന്നാണ് താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം പറഞ്ഞത്. ഷിബില ഭർത്താവ് യാസിറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ലഹരിക്ക് അടിമയായി ഉമ്മയെ വെട്ടിക്കൊന്ന ആഷിഖിന്റെ സുഹൃത്താണു യാസിർ എന്നും ഏതു സമയവും കൊല്ലപ്പെടാമെന്നും സൂചിപ്പിച്ചിരുന്നു. എപ്പോഴും കത്തി കൊണ്ടു നടക്കുന്ന ആളാണ്. കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞിട്ടു പോലും ഒത്തു തീർപ്പാക്കാനാണു പൊലീസ് ശ്രമിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

പൊലീസ് വീഴ്ചയ്ക്ക് എതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാനാണു ഷിബിലയുടെ കുടുംബത്തിന്റെ തീരുമാനം.കഴിഞ്ഞ ദിവസം ഭാര്യവീട്ടിലേക്ക് കത്തിയുമായി ചെന്ന് അക്രമം നടത്തിയ പ്രതി ചെലവൂർ കരിയാമ്പറ്റ വീട്ടിൽ മിഥുനെതിരെയും മുൻപ് പന്നിയങ്കര സ്റ്റേഷനിൽ ഗാർഹിക പീഡനക്കേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് ഇയാൾ വീണ്ടു അക്രമം നടത്തിയത്.

English Summary:

Balussery murder shocks Kerala. The recent death of Ashokan, hacked to death by his son, highlights a devastating family tragedy rooted in prior deaths and possible drug abuse.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com