ലൈസൻസില്ലെങ്കിലും പൂക്കും കായ്ക്കും; പക്ഷേ, നല്ല വിളവിന് അംഗീകാരമുള്ള വിത്ത് ഉറപ്പാക്കാം

Mail This Article
മലപ്പുറം∙ മുക്കിലും മൂലയിലും കൃഷി നഴ്സറികളാണ്. പക്ഷേ, സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ ലൈസൻസുള്ള സ്വകാര്യ നഴ്സറികൾ 195 എണ്ണം മാത്രം. സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ നഴ്സറികളും സർക്കാർ അംഗീകാരമില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് കൃഷി വകുപ്പിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയിൽ രണ്ട് സ്വകാര്യ നഴ്സറികൾക്കേ ലൈസൻസ് ഉള്ളൂ. ജില്ലാ ആസ്ഥാനത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നിലേറെ സ്വകാര്യ നഴ്സറികളുണ്ട്. എവിടെ നിന്നു വാങ്ങിയിട്ടാണെങ്കിലും ഒരു തൈ നടുന്നത് നല്ലതു തന്നെ. പക്ഷേ, വാങ്ങുന്ന തൈകളുടെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള സംവിധാനം കൂടി വേണ്ടതല്ലേ.
അംഗീകാരമുള്ള നഴ്സറികൾക്കു മാത്രമേ നടീൽ വസ്തുക്കൾ വിതരണം ചെയ്യാൻ അവകാശമുള്ളൂ എന്ന് കൃഷി വകുപ്പ് പറയുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ഏറെപ്പേർക്ക് ഇത്തരം നഴ്സറികൾ ഉപജീവന മാർഗമായി. പക്ഷേ, ഗുണനിലവാരം, വില എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഇപ്പോഴും തോന്നുംപടിയാണ് കാര്യങ്ങൾ. ഉറപ്പുപറഞ്ഞ മാവ് മൂന്നു കൊല്ലം കൊണ്ട് കായ്ക്കാം കായ്ക്കാതിരിക്കാം. എല്ലാം ഭാഗ്യം പോലിരിക്കും.
വാങ്ങിയ ചെടിയുടെ ഗുണനിലവാരം സംബന്ധിച്ച് 3 പരാതികളും വില സംബന്ധിച്ച് 4 പരാതികളും ലഭിച്ചെന്നും അവ അതത് ജില്ലാ ഓഫിസുകൾക്ക് കൈമാറിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു. പലപ്പോഴും മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന തൈകളാണ് നഴ്സറികൾ ഇവിടെ വിൽക്കുന്നത്. സ്വന്തമായി ഉൽപാദനം നടത്തുന്ന നഴ്സറികൾ കുറവാണ്. മറ്റു സംസ്ഥാനങ്ങളിൽ വിളകൾക്കു കണ്ടുവരുന്ന രോഗങ്ങൾ നമ്മുടെ നാട്ടിലേക്കു പടരാൻ ഇത്തരം ഇറക്കുമതി കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. വിളകൾ നശിപ്പിക്കുന്ന വിവിധ പ്രാണികളുടെ അധിനിവേശത്തിനും ഈ ഇറക്കുമതി കാരണമാകുന്നു.
കോർപറേഷൻ പരിധിയിലാണെങ്കിൽ10 സെന്റ്, മുനിസിപ്പാലിറ്റിയിൽ 20 സെന്റ്, പഞ്ചായത്തിൽ 50 സെന്റ് സ്ഥലം വേണം നഴ്സറിക്ക്. കൃഷി ശാസ്ത്രത്തിൽ ബിരുദമോ കാർഷിക സർവകലാശാലയുടെ ഡിപ്ലോമയോ വിഎച്ച്എസ്ഇയോ പാസായവരുടെ നേതൃത്വത്തിലായിരിക്കണം തൈകളുടെ ഉൽപാദനവും വിതരണവും (5 വർഷമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന നഴ്സറികൾക്ക് ഈ നിബന്ധന ബാധകമല്ല.) ഏതു മാതൃസസ്യത്തിൽ നിന്നാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്, ഏത് മാതൃനഴ്സറികളിൽ നിന്നാണ് തൈകൾ എത്തിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന റജിസ്റ്ററുകൾ സൂക്ഷിക്കണം എന്നിവയൊക്കെയാണ് കൃഷി വകുപ്പിന്റെ ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകൾ. 750 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. രണ്ടുവർഷമാണ് ലൈസൻസിന്റെ കാലാവധി. അതുകഴിഞ്ഞാൽ പുതുക്കണം.
ലൈസൻസുള്ള നഴ്സറികൾ
∙ തിരുവനന്തപുരം– 18, കൊല്ലം– 18, പത്തനംതിട്ട– 7, ആലപ്പുഴ– 6, കോട്ടയം– 29, ഇടുക്കി – 15, എറണാകുളം– 3, തൃശൂർ 14, പാലക്കാട്–11, മലപ്പുറം– 2, കോഴിക്കോട് –16, വയനാട്–18, കണ്ണൂർ –19, കാസർകോട് –19.