സുലാജിന്റെ രക്തം തിളയ്ക്കും ദാനത്തിനായി
Mail This Article
നിലമ്പൂർ ∙ രക്തദാനത്തിന്റെ മഹത്വം ജനങ്ങളിലേക്കു പകരുകയാണ് ചെറുവത്ത്കുന്ന് പൂവത്തിങ്കൽ സുലാജ്. മൂന്ന് പതിറ്റാണ്ടിനിടെ സുലാജ് രക്തം നൽകിയത് 42 പേർക്കാണ്. നിലമ്പൂർ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വഴിയോരക്കച്ചവടക്കാരനാണ് സുലാജ് (48). എബി പോസിറ്റീവാണ് സുലാജിന്റെ രക്ത ഗ്രൂപ്പ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് 18-ാം വയസ്സിൽ ബന്ധു കൂടിയായ സ്ത്രീക്ക് വേണ്ടിയാണ് ആദ്യമായി രക്തം നൽകിയത്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം അമൃത, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം സുലാജ് രക്തം നൽകിയിട്ടുണ്ട്. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാൻ സുലാജ് സന്നദ്ധനാണ്.
ഒരു ഫോൺ വിളിയിൽ സുലാജ് ആശുപത്രിയിൽ ഓടിയെത്തും. രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കാറുണ്ട് കലാകാരൻ കൂടിയായ സുലാജ്. 20 ആൽബങ്ങൾക്ക് ഗാനങ്ങൾ രചിച്ചു.
ജില്ലാ ആശുപത്രിയിൽ രക്തം നൽകിയത് 806 പേർ
ജില്ലാ ആശുപത്രി രക്തബാങ്കിൽ മൂന്നര മാസത്തിനിടെ രക്തം ദാനം ചെയ്തത് 806 പേർ. 800 പേർക്ക് രക്തം നൽകി.ഫെബ്രുവരി 24 ന് ആണ് രക്തബാങ്ക് പ്രവർത്തനം തുടങ്ങിയത്. രക്തം ശേഖരിച്ച് ഘടകങ്ങൾ വേർതിരിച്ച് ആവശ്യാനുസരണം രോഗിക്ക് നൽകുകയാണ്. രക്തത്തിന് ക്ഷാമം നേരിടാതെ മുന്നോട്ടു പോകാൻ കൂടുതൽ ക്യാംപുകൾ നടത്താനുള്ള ശ്രമം നടക്കുന്നു. തയാറുള്ളവർ രക്തബാങ്ക് അധികൃതരെ ബന്ധപ്പെടണം. 9400063024.