മൂന്നു പവന്റെ സ്വർണവള കുളത്തിൽ നഷ്ടപ്പെട്ടു: മുങ്ങിത്തപ്പിയെടുത്തു നൽകി അഗ്നിരക്ഷാ സേന
Mail This Article
പെരിന്തൽമണ്ണ∙ കുളിക്കുന്നതിനിടെ കുളത്തിൽ വീണുപോയ സ്വർണാഭരണം മുങ്ങിത്തപ്പിയെടുത്തു നൽകി അഗ്നിരക്ഷാ സേന. കീഴാറ്റൂർ പറമ്പൂർ മില്ലുംപടി ചുള്ളിപ്പറമ്പിൽ സുമേഷിന്റെ ഭാര്യയുടെ മൂന്നു പവനോളം തൂക്കം വരുന്ന സ്വർണവളയാണ് കുളത്തിൽ നഷ്‌ടപ്പെട്ടത്. 2 ദിവസം മുൻപായിരുന്നു സംഭവം. ഇവർ കുളിക്കുന്നതിനിടെ അലക്കാനിട്ട തുണികൾക്ക് മുകളിലായി കരയിൽ ഊരിവച്ചതായിരുന്നു വള. തുണികൾ അലക്കി കഴിഞ്ഞാണ് വളയുടെ കാര്യം ഓർമ വന്നത്.
എന്തു സംഭവിച്ചെന്നറിയില്ലെങ്കിലും കുളത്തിൽ വീണതാകാമെന്ന നിഗമനത്തിൽ നാട്ടുകാരും ബന്ധുക്കളുമെല്ലാം കുളത്തിൽ മുങ്ങിത്തപ്പി പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഇതേ തുടർന്ന് ഇന്നലെ അഗ്നിരക്ഷാ നിലയത്തിലെത്തി സഹായം തേടുകയായിരുന്നു. രാവിലെ പതിനൊന്നോടെ നിലയത്തിലെ മുങ്ങൽ വിദഗ്ധരായ പി.മുഹമ്മദ് ഷിബിൻ, എം.കിഷോർ എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് വള കണ്ടെടുത്തത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ കെ.രമേഷ്, പി.മുരളി എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.