‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കാണാൻ നിലമ്പൂരിൽ നിന്ന് ബസ് പിടിച്ച് വിദ്യാർഥികൾ പെരിന്തൽമണ്ണയിലെത്തി
Mail This Article
പെരിന്തൽമണ്ണ∙ സിനിമ കാണാൻ നിലമ്പൂരിൽ നിന്ന് ബസ് പിടിച്ച് ഒരുകൂട്ടം വിദ്യാർഥികൾ പെരിന്തൽമണ്ണയിലെത്തി. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി.കുമാരൻ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമ കാണാനാണ് നിലമ്പൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസിയുടെ ട്രിപ്പ് ചാർട്ട് ചെയ്ത് നൂറോളം വിദ്യാർഥികൾ പെരിന്തൽമണ്ണ വിസ്മയ തിയേറ്ററിലെത്തിയത്.
ഒ രു വർഷം നീണ്ടുനിൽക്കുന്ന കുമാരനാശാൻ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായാണ് മലയാളവിഭാഗം ഈ ചലച്ചിത്ര യാത്ര സംഘടിപ്പിച്ചത്. ഡിസംബറിൽ നടത്തിയ കുമാരനാശാൻ, കാലവും പാഠവും ത്രിദിന ദേശീയ സെമിനാറിന്റെയും യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ കുമാരനാശാൻ കാവ്യാലാപന മത്സരത്തിന്റെയും തുടർച്ചയായിരുന്നു ഈ ചലച്ചിത്ര യാത്ര.
പട്ടാമ്പി ഗവ.കോളജിൽ നിന്നും മലപ്പുറം ഗവ.കോളജിൽ നിന്നും കൂടി കുട്ടികളെത്തിയതോടെ മാറ്റിനി ഷോ ഹൗസ് ഫുൾ ആയി. കേരളത്തിലുടനീളം ക്യാംപസുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.