ADVERTISEMENT

എടക്കര∙ കടുവയുടെ ആക്രമണത്തിൽ കാട്ടാന ചരിഞ്ഞു. ആനയുടെ തുമ്പിക്കൈ പകുതിയോളം കടുവ തിന്നു. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽ പുഞ്ചക്കൊല്ലി റബർ പ്ലാന്റേഷനു സമീപം ചപ്പാത്തിക്കൽ വനമേഖലയിലാണു പിടിയാനയുടെ ജഡം ഇന്നലെ രാവിലെ ആദിവാസികൾ കണ്ടത്. പുന്നപ്പുഴയുടെ അരികോടു ചേർന്നായിരുന്നു ജഡം. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷരീഫ് പനോലത്തിന്റെ  നേതൃത്വത്തിൽ വനപാലകരെത്തിയുള്ള പരിശോധനയിൽ ജഡത്തിനു സമീപം കടുവയുടെ കാൽപാടുകൾ കണ്ടു.തലയുടെയും ചെവിയുടെയും ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ടായിരുന്നു. ജഡത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്.

ഫോറസ്റ്റ് വെറ്ററിനറി സർജൻമാർ പോസ്റ്റ്മോർട്ടം നടത്തിയാണ് കടുവയുടെ ആക്രമണത്തിലാണു മരണമെന്നു സ്ഥിരീകരിച്ചത്. ആനയ്ക്ക് ഏകദേശം 20  വയസ്സാണു കണക്കാക്കുന്നത്. ജഡം സംഭവസ്ഥലത്തു തന്നെ സംസ്കരിച്ചു.രണ്ടു മാസം മുൻപു വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽ കടുവ ആനക്കുട്ടിയെ ആക്രമിച്ചു കൊന്നിരുന്നു. പുഞ്ചക്കൊല്ലി അളയ്ക്കൽ കോളനിക്കു മുകളിൽ മുത്തൻപുഴയ്ക്കു സമീപത്തായിരുന്നു ആനക്കുട്ടിയുടെ ജ‍‍ഡം കണ്ടത്.

വിവരം അറിഞ്ഞു വനപാലകരെത്തുമ്പോൾ ജഡത്തിനു സമീപം കടുവയുണ്ടായിരുന്നു. കടുവ പിന്മാറിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ആനക്കുട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു സംസ്കരിച്ചത്.കടുവയുടെ ആക്രമണം ഭയന്നാണ് കുട്ടികളുള്ള ആനക്കൂട്ടം കാടു വിട്ടിറങ്ങുന്നതെന്നാണു പറയുന്നത്. നാടുകാണിച്ചുരം പാതയോരത്തോടു ചേർന്ന് ആനക്കൂട്ടങ്ങളിൽ മിക്കതും കുട്ടികളുള്ള കൂട്ടമായിരിക്കും. കൂട്ടത്തിലെ മറ്റ് ആനകൾ കാട്ടിലേക്കു മടങ്ങിയാലും തള്ളയാനയും കുട്ടിയും ചുരം പാതയോരങ്ങളിൽതന്നെ തങ്ങാറാണു പതിവ്.

English Summary:

In a shocking incident in Edakkara, Kerala, a wild elephant was found dead, likely killed by a tiger. The incident occurred in the Vazhikkadavu forest range, raising concerns about increasing tiger attacks on elephants in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com