കാലിക്കറ്റ് സർവകലാശാല വനിതാ ഹോസ്റ്റലിൽ മഞ്ഞപ്പിത്തം; ജാഗ്രത പാലിക്കണമെന്ന് റജിസ്ട്രാർ
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ വനിതാ ഹോസ്റ്റലിലെ 2 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറത്ത് നിന്ന് വെള്ളം കുടിക്കുന്നവരും ഭക്ഷണം കഴിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് റജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ നിർദേശിച്ചു. 11ന് ആണ് ഒരു വിദ്യാർഥിനിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി വാർഡനെ അറിയിച്ചത്. തുടർന്ന് മുറിയിൽ താമസിക്കുന്നവർ യൂണിവേഴ്സിറ്റി നിർദേശാനുസരണം പരിശോധനയ്ക്ക് വിധേയമായതനുസരിച്ച് 12ന് ഫലം വന്നപ്പോൾ ഒരാൾക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
ഇവരെ ചികിത്സയ്ക്കും വിശ്രമത്തിനുമായി വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.തേഞ്ഞിപ്പലം ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിക്കുകയും അദ്ദേഹത്തിൽ നിന്നുള്ള പ്രതിരോധ നിർദേശങ്ങൾ പാലിക്കുകയും ചെയ്തു. ഇതനുസരിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റീന നായരും പഞ്ചായത്തംഗം എം.ബിജിതയും നേരിട്ടെത്തി ഹോസ്റ്റലും അടുക്കളയും പരിസരങ്ങളും പരിശോധിച്ച് ശുചിത്വം ഉറപ്പ് വരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഭീതി ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ക്യാംപസിൽ ഉപയോഗിക്കുന്ന വെള്ളം എല്ലാ മാസവും പരിശോധന നടത്തുന്നുണ്ടെന്നും വാസ്തവ വിരുദ്ധ പ്രചാരണങ്ങളിലൂടെ വിദ്യാർഥികൾക്കിടയിൽ ഭീതി സൃഷ്ടിക്കരുതെന്നും റജിസ്ട്രാർ പ്രസ്താവനയിൽ അഭ്യർഥിച്ചിട്ടുണ്ട്.