കൊളത്തൂർ വയമ്പറ്റ ക്ഷേത്രത്തിൽ താലപ്പൊലിക്കിടെ ആന ഇടഞ്ഞു

Mail This Article
കൊളത്തൂർ∙വയമ്പറ്റ വിഷ്ണുക്ഷേത്രത്തിൽ താലപ്പൊലി എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞത്. താലപ്പൊലിപ്പറമ്പിലെ ഗുഡ്സ് ഓട്ടോറിക്ഷ മറിച്ചിട്ടു. 2 വൈദ്യുതക്കാലുകൾ തകർത്തു. ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേർ ഭാഗ്യത്തിന്റെ കരുത്തിൽ രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ടോടെ താലപ്പൊലി എഴുന്നള്ളത്ത് ആരംഭിച്ച ഉടനെയാണു സംഭവം. തിടമ്പേറ്റിയ ആന അരിയേറിനായി കടന്നുപോകുന്ന ക്ഷേത്രവഴിയുടെ സമീപത്തുവച്ച് ഒരാൾ തണ്ണിമത്തന്റെ ഭാഗം നൽകാൻ ശ്രമിച്ചു. എന്നാൽ, പാപ്പാൻ ഇതു തട്ടിമാറ്റിയതായി പറയുന്നു. ഇതോടെ ആന ഇടയുകയായിരുന്നു. മുകളിലിരിക്കുന്നവരെ കുലുക്കി വീഴ്ത്താൻ ശ്രമം നടത്തി. സമീപത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഗുഡ്സ് ഓട്ടോറിക്ഷയും വൈദ്യുതക്കാലും തകർത്തശേഷം ക്ഷേത്രം റോഡിലൂടെ പുറത്തേക്കോടി.

ഇതിനിടെ ആനപ്പുറത്തിരുന്ന 2 പേരെയും തിടമ്പോടെ കുടഞ്ഞു താഴെയിട്ടു. ആന മുന്നോട്ടു തന്നെ പോയതാണ് ഇവർക്കു രക്ഷയായത്. ഇരുവർക്കും നിസ്സാര പരുക്കുണ്ട്.കൊളത്തൂർ കുറുപ്പത്താൽ ടൗണിലേക്ക് റോഡിലൂടെ ഓടിയ ആന പിന്നീട് നാശനഷ്‌ടങ്ങളൊന്നുമുണ്ടാക്കിയില്ല. കാൽ പൊട്ടി വൈദ്യുത ലൈനുകൾ ആളുകൾക്കിടയിലേക്കു വീണെങ്കിലും കേബിൾ ലൈനുകളായിരുന്നതിനാൽ ദുരന്തം ഒഴിവായി. ഒരു മണിക്കൂറിനു ശേഷം മലപ്പുറം റോഡിലെ മൃഗാശുപത്രി കോംപൗണ്ടിൽ വച്ച് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളച്ചു. എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ താലപ്പൊലി ഉത്സവത്തിന് വിവിധ വേലകളുടെ നേതൃത്വത്തിലെത്തിയ 4 ആനകളും ദേവസ്വത്തിന്റെ ഇടഞ്ഞ ആനയും ഉൾപ്പെടെ 5 ആനകളാണ് ഉണ്ടായിരുന്നത്.