ADVERTISEMENT

തേഞ്ഞിപ്പലം ∙ ഉയരപ്പാതയായുള്ള എൻഎച്ചി‌ൽനിന്ന് മഴയത്ത് ചെളിവെള്ളം ഒഴുകി സർവീസ് റോഡ് പലയിടത്തും ചെളിക്കുളമായി. രാത്രി മഴയത്ത് സർവീസ് റോഡ് വഴി എത്തിയ ബൈക്ക് യാത്രക്കാർ ഇതുമൂലം ഏറെ പ്രയാസപ്പെട്ടു. പകൽ വെയിൽ ചൂടിൽ വെള്ളം വറ്റി റോഡിൽ മണ്ണ് പരന്നതും വിനയായി. ഒടുവിൽ കരാർ കമ്പനിയുടെ തൊഴിലാളികൾ എത്തി മണ്ണ് കോരി നീക്കുകയായിരുന്നു. കാക്കഞ്ചേരിക്കും ചെട്യാർമാടിനും ഇടയിൽ കെട്ടിപ്പൊക്കി ആറുവരിപ്പാത നിർമിച്ച ഭാഗത്ത് താഴ്ചയിലുള്ള സർവീസ് റോഡിലാണ് മഴവെള്ളം മൂലം ചെളി പ്രശ്നം സൃഷ്ടിച്ചത്.

ആറുവരിപ്പാതയിൽ പലയിടത്തും പാതയോരത്ത് മണ്ണും മറ്റും അടി‍ഞ്ഞു കൂടി കിടക്കുകയിരുന്നു. മഴ പെയ്ത് വെള്ളം ഒഴുകിയതോടെ മാലിന്യം ഇളകി റോഡിന് പുറത്തേക്ക് ചാടുകയായിരുന്നു. സർവീസ് റോഡ് വഴി ചിലയിടത്ത് ഒഴുകി എത്തിയ മഴവെള്ളവും പ്രശ്നമായി. ആറുവരിപ്പാതയിലെ മഴവെള്ളം ഒഴുക്കാൻ ബദൽ സംവിധാനം ഒരുക്കാതെ പ്രശ്നം തീരില്ല. ചെറിയ സർവീസ് റോഡിലേക്ക് ചെളിവെള്ളം ഒഴുകിയാൽ ആ വഴിയുള്ള വാഹനങ്ങളും യാത്രക്കാരും എന്താണ് ചെയ്യുകയെന്ന ചോദ്യത്തിനും ഉത്തരമില്ല.

ചേലേമ്പ്ര കാക്കഞ്ചേരിയിൽ ടാറിങ്ങിനായി തൃശൂർ ദിശയിലെ സർവീസ് റോഡ് അടച്ചതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾ നിറഞ്ഞപ്പോൾ.
ചേലേമ്പ്ര കാക്കഞ്ചേരിയിൽ ടാറിങ്ങിനായി തൃശൂർ ദിശയിലെ സർവീസ് റോഡ് അടച്ചതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾ നിറഞ്ഞപ്പോൾ.

സർവീസ് റോഡിലെ ടാറിങ് കാരണം കാക്കഞ്ചേരി മേൽപാലം മുതൽ യൂണിവേഴ്സിറ്റി മേൽപാലം വരെ ഇരുദിശകളിലേക്കും സർവീസ് റോഡ് വഴിയുള്ള വാഹനങ്ങൾ ഉപയോഗിച്ചത് പടി‍ഞ്ഞാറ് വശത്തെ സർവീസ് റോഡ്. കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡാണിത്. തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങളും അതേദിശയിൽ സഞ്ചരിച്ചതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായി. എല്ലാ വാഹനങ്ങൾക്കും ആറുവരിപ്പാത വഴി പോകാൻ പാകത്തിൽ സജ്ജീകരിച്ചിരുന്നെങ്കിൽ സർവീസ് റോഡിലെ തിരക്ക് ഒഴിവാക്കാമായിരുന്നു.

പലയിടത്തും ആറുവരിപ്പാതയിലേക്കുള്ള വഴി ആദ്യമേ അടച്ചതിനാൽ ബസ് യാത്രക്കാരും മറ്റും പെരുവഴിയിലാകുമെന്ന് കണ്ട് ബന്ധപ്പെട്ടവർ അതിന് തുനിഞ്ഞില്ല. റോഡി‍ൽ അപ്പപ്പോൾ വരുത്തുന്ന ഗതാഗത നിയന്ത്രണം മുൻകൂറായി അറിയിക്കുന്നുമില്ല. ചേളാരി അടക്കം പ്രധാന കേന്ദ്രങ്ങളിൽ സൂചനാ ബോർഡുകൾ വച്ചാൽ വാഹന ഡ്രൈവർമാർ ഉൾനാടൻ റോഡുകൾ വഴി തിരിച്ചുവിട്ട് എൻഎച്ച് സർവീസ് റോഡിലെ കുരുക്കിൽനിന്ന് രക്ഷപ്പെടാനാകും.

കാക്കഞ്ചേരിയിലെ പഴയ വളവ് ഒഴിവാക്കി അവിടത്തെ കുന്ന് രണ്ടായി മുറിച്ച് എൻ‍എച്ച് പൂർത്തിയാക്കിയപ്പോൾ ബാക്കി ഭാഗത്തെ കുഴിയിൽ വെള്ളക്കെട്ടായി. ഭീമൻ അരികുഭിത്തി നിർമിച്ച് റോഡ് പൂർത്തിയാക്കിയതോടെ റോഡിന് വെളിയിൽ വലിയൊരു ഭാഗം കുഴിയായി കിടക്കുകയാണ്. മഴവെള്ളം ഒഴുകാൻ പാകത്തിൽ കലുങ്കും അവിടെയുണ്ട്. കലുങ്ക് വഴിയുള്ള വെള്ളം ഒഴുകാൻ പാകത്തിൽ ജോലികൾ പൂർത്തിയാക്കി കുഴി അപകടരഹിതമാക്കണമെന്നാണ് ആവശ്യം.

English Summary:

Thenhipalam NH highway service road flooding necessitates immediate action. Poor drainage and inadequate traffic management measures create dangerous conditions for drivers and passengers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com