കളിമണ്ണു കടത്ത്: 4 ലോറികളും മണ്ണുമാന്തിയും പിടികൂടി

Mail This Article
നിലമ്പൂർ ∙ തൃശൂരിലേക്ക് അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന 4 ലോറികൾ പൊലീസ് പിടിച്ചെടുത്തു. മണ്ണെടുക്കാൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. മമ്പാട് പൊങ്ങല്ലൂരിൽ കെഎൻജി പാതയിൽനിന്ന് 700 മീറ്റർ അകലെ ഇന്നലെ പുലർച്ചെ 1.30ന് ആണ് ഇവ പിടികൂടിയത്. രാത്രിയിലെ മണ്ണുകടത്ത് ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ പരാതിയെത്തുടർന്ന് എസ്ഐ തോമസ്കുട്ടി ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ 25 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ലോറികളിൽ മണ്ണ് നിറയ്ക്കുകയായിരുന്നു.
പൊലീസിനെ കണ്ടപാടെ രണ്ടണ്ണത്തിൽനിന്നു മണ്ണ് പുറത്തുതട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോറികളും മണ്ണുമാന്തി യന്ത്രവും സ്റ്റേഷൻ പരിസരത്തേക്കു മാറ്റി. പൊലീസ് ഉദ്യോഗസ്ഥരായ അരുൺ ബാബു, ഷൗക്കത്ത്, അബ്ദുൽ മജീദ് എന്നിവർ ചേർന്നാണ് പിടികൂടിയത്. സ്ഥലത്തുനിന്ന് നേരത്തേ മണ്ണ് കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. തുടർനടപടികൾക്ക് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകി.