ഭീകരാക്രമണത്തിന്റെ 16–ാം വാർഷികം; നടുക്കുന്ന ഓർമകളിൽ മുംബൈ നഗരം
Mail This Article
മുംബൈ∙ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 16–ാം വാർഷികം ഇന്ന്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 ജീവനുകൾ പൊലിഞ്ഞു. മായാത്ത മുറിപ്പാടുകളുമായി കഴിയുന്നവരും ഒട്ടേറെ. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ 56 പേർക്കും താജ് ഹോട്ടലിൽ 36 പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഒബ്‌റോയ്–ട്രൈഡന്റ് ഹോട്ടലിൽ 32 പേരും ജൂതൻമാരുടെ കേന്ദ്രമായ നരിമാൻ ഹൗസിൽ ആറും ലിയോപോൾ കഫേയിൽ 10 പേരും മരിച്ചു.
പാക്കിസ്ഥാനിൽ നിന്നു ഗുജറാത്ത് തീരം വഴി കടൽമാർഗം ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെത്തിയ പത്തു പേരടങ്ങുന്ന ഭീകരസംഘം പലതായി പിരിയുകയായിരുന്നു. ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലേക്ക് ടാക്സിയിലെത്തി. താജ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഒബ്റോയ്–ട്രൈഡന്റ് ഹോട്ടലുകൾ, നരിമാൻ ഹൗസ് എന്നിവിടങ്ങളിലാണ് രൂക്ഷമായ ആക്രമണം നടന്നത്.
എകെ 47 തോക്ക് അടക്കം അത്യാധുനിക ആയുധങ്ങളുമായി എത്തിയ 10 ഭീകർക്കു മുന്നിൽ മുംബൈയും രാജ്യവും പതറി. പ്രതിരോധിക്കാൻ ശ്രമിച്ച ഒട്ടേറെ പൊലീസുകാർ വീരമൃത്യു വരിച്ചു. ഡൽഹിയിൽ നിന്നെത്തിയ എൻഎസ്ജി കമാൻഡോകളുടെ സംഘമാണ് ഭീകരരെ തുടച്ചുനീക്കിയത്. മൂന്നു ദിവസം കൊണ്ട് ഭീകരരുടെ കരങ്ങളിൽ നിന്നു നഗരത്തെ മോചിപ്പിച്ചു.
മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, മഹാരാഷ്ട്രാ ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ദ് കർക്കറെ, ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സലാസ്കർ, മുംബൈ പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംഠെ എന്നിവർ വീരമൃത്യു വരിച്ച പ്രമുഖരിൽ ഉൾപ്പെടും. അജ്മൽ കസബിനെ പിടികൂടാനായതുവഴി ആക്രമണത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്കു തെളിയിക്കാനായി. ഭീകരാക്രമണത്തിനു ശേഷം ഒട്ടേറെ നടപടികൾ സ്വീകരിച്ചെങ്കിലും ജനസമുദ്രമായ മുംബൈയിലും നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ഇപ്പോഴും പഴുതുകൾ ബാക്കി.