മേയ് 31 വരെ ഉച്ചയ്ക്ക് 12നും 3നുമിടയിൽ സൂര്യാഘാത സാധ്യത; ഊഷ്ണതരംഗത്തെ നേരിടാൻ കരുതൽ വേണം

Mail This Article
മുംബൈ ∙ ചൂട് കൂടിയതോടെ ഊഷ്ണതരംഗത്തെ നേരിടാൻ നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മേയ് 31 വരെ ഉച്ചയ്ക്ക് 12നും 3നുമിടയിൽ സൂര്യാഘാത സാധ്യതയുള്ളതിനാൽ ആ സമയത്തു പുറത്തിറങ്ങുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം. 3 ദിവസത്തിനിടെ താപനില വീണ്ടും കൂടിയതോടെയാണ് മുന്നറിയിപ്പ്. ആശുപത്രികളെല്ലാം സൂര്യാഘാത കേസുകൾ കൈകാര്യം ചെയ്യാൻ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേക കിടക്കകളും ഒരുക്കിയിട്ടുണ്ട്.
∙ ആവശ്യത്തിന് ശുദ്ധജലം കുടിക്കുക, ശരീരത്തിൽ എല്ലായ്പോഴും ജലാംശം നിലനിർത്തുക. കയ്യിൽ ശുദ്ധജലം കരുതുക.
∙ നാരങ്ങാവെള്ളം, സംഭാരം, ഫ്രഷ് ജ്യുസ് എന്നിവ കുടിക്കുക.
∙ അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
∙ വെയിലത്ത് പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
∙ കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങിയവർ പ്രത്യേക ശ്രദ്ധ ചെലുത്തണം.
∙ തുറസ്സായ സ്ഥലങ്ങളിലുള്ള ജോലികളിൽ ഏർപ്പെടുന്നവർ നേരിട്ട് വെയിൽ ഏക്കാതിരിക്കാൻ ശ്രദ്ധിക്കണം.