ADVERTISEMENT

വാളയാർ ∙ സംസ്ഥാനത്ത് ദേശീയപാതയോടു ചേർന്നു സ്ഥിതി ചെയ്യുന്ന ചെക്പോസ്റ്റ് പരിസരങ്ങളിൽ ചരക്കു വാഹനങ്ങൾക്കു ഗതാഗത നിയന്ത്രണം. ചെക്പോസ്റ്റ് സ്ഥിതി ചെയ്യുന്ന മേഖലയിൽ ചരക്ക് വാഹനങ്ങൾ ഇനി മുതൽ സർവീസ് റോഡ് മാത്രം ഉപയോഗിക്കാൻ പാടുള്ളു. ഈ ദൂരപരിധിയിൽ ചരക്കു വാഹനങ്ങൾക്കു ദേശീയപാതയിലൂടെയുള്ള യാത്ര പൂർണമായി വിലക്കി. 

ദേശീയപാത അതോറിറ്റി ഇതു സംബന്ധിച്ച ഉത്തരവിറക്കി. ചരക്ക് വാഹനങ്ങൾ ദേശീയപാതയിൽ നിർത്തി പരിശോധിക്കുമ്പോൾ വാഹനങ്ങളും ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും അപകടത്തിൽപ്പെടുന്നതു പതിവായതോടെയാണു നടപടി. ‌ഏഷ്യയിലെ ഏറ്റവും വലിയ ചെക്പോസ്റ്റായ വാളയാറിൽ മോട്ടർ വാഹന ചെക്പോസ്റ്റ് മുതൽ എക്സൈസ് ചെക്പോസ്റ്റ് വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്ത് ഇനി മുതൽ സർവീസ് റോഡിലൂടെ മാത്രമേ ചരക്ക് വാഹനങ്ങൾ ഗതാഗതം നടത്താൻ പാടുകയുള്ളു. 

നിയന്ത്രണം സംബന്ധിച്ച് പാലക്കാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ സർക്കുലറും പുറത്തിറക്കി. ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ, ലോറി ജീവനക്കാരുടെയും ഡ്രൈവർമാരുടെയും സംഘടനകൾ, പൊലീസ് എന്നിവർക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ മുന്നറിയിപ്പു നൽകിയിട്ടും നിയന്ത്രണവും നിയമവും ലംഘിച്ചാൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണു നിർദേശം. പലപ്പോഴും ഉദ്യോഗസ്ഥർ നേരിട്ടിറങ്ങി ദേശീയപാതയിൽ വാഹനം നിർത്തി പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്. 

കഴിഞ്ഞ 6 മാസത്തിനിടെ 4 അപകടങ്ങളിലായി 7 പേർക്കു പരുക്കേറ്റു.

വാഹനം പാഞ്ഞു കയറി എക്സൈസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പരിശോധനയ്ക്കു നിർ‍ത്തിയിട്ട ചരക്ക് വാഹനങ്ങൾക്കു പിന്നിൽ യാത്രാ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടങ്ങളിലേറെയും. ഇതോടെയാണ് ദേശീയപാതയിലെ പരിശോധന അവസാനിപ്പിക്കാനും വാഹനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചത്.അതേസമയം യാത്രാവാഹനങ്ങളിലെയും കെഎസ്ആർടിസി–തമിഴ്നാട് സർക്കാർ ബസുകളിലെയും പരിശോധന സംബന്ധിച്ചു നിർദേശങ്ങൾ ലഭിക്കാത്തത് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

 

തമിഴ്നാട്ടിൽ എന്തും നടക്കും

പരിശോധന സമയം വാഹന ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും എക്സൈസിന്റെ പരിശോധന ഇപ്പോഴും പരിമിതമായ സൗകര്യങ്ങളിൽ. ചരക്ക് വാഹനങ്ങൾ മാത്രമേ കടന്നു വരാറുള്ളെങ്കിലും സർവീസ് റോഡിൽ ഇതുവരെ ബാരിക്കേഡ് സ്ഥാപിച്ചിട്ടില്ല. ടോർച്ച് വെളിച്ചത്തിലാണു വാഹനം തടയേണ്ടത്.

 അതേസമയം കേരളത്തിൽ മാത്രമേ ഇത്തരം പരിശോധനകൾ ദേശീയപാത അതോറിറ്റി വിലക്കിയിട്ടുള്ളെന്നാണ് ആരോപണം. തമിഴ്നാട് അതിർത്തിയിൽ ദേശീയപാത മധ്യേ ബാരിക്കേഡും സ്പീഡ് ബ്രേക്കറും എയ്ഡ് പോസ്റ്റും ഒരുക്കിയാണു തമിഴ്നാട് പൊലീസിന്റെ വാഹന പരിശോധന. അപകടങ്ങൾക്കു വഴിയൊരുക്കിയിട്ടും ഇതിനെതിരെ നടപടിയില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com