കവിയുടെ മൊഴിമുത്തുകൾ
Mail This Article
കവിതയ്ക്കുള്ള റോയൽറ്റി ആർക്കാണു തരേണ്ടതെന്ന് എൻബിഎസ് ഡയറക്ടറായിരുന്ന ഇടശ്ശേരി ചോദിച്ചപ്പോൾ ശിഷ്യനായ അക്കിത്തത്തിന് ആദ്യം അതിന്റെ പൊരുൾ പിടികിട്ടിയില്ല. തൊട്ടുമുമ്പു പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കവിതാരചനയെപ്പറ്റി അക്കിത്തം പറഞ്ഞ മറുപടിയിൽ പിടിച്ചായിരുന്നു ഇടശ്ശേരിയുടെ നർമം. അഭിമുഖത്തിലെ വാക്കുകൾ ഇടശ്ശേരിതന്നെ അദ്ദേഹത്തെ ഓർമിപ്പിച്ചു. ‘എന്നിലുള്ള മറ്റൊരാളാണു കവിത എഴുതുന്നത്. ആ മറ്റൊരാൾ എന്റെ ഇച്ഛാശക്തിക്കു വിധേയനല്ല.’
അക്കിത്തത്തിനു നേരിട്ടാണോ അല്ലെങ്കിൽ അദ്ദേഹത്തിലുള്ള ആ മറ്റൊരാൾക്കാണോ റോയൽറ്റിക്കുള്ള അർഹത എന്നായിരുന്നു ശിഷ്യനോടുള്ള മഹാകവിയുടെ ചോദ്യം. ഗുരുവിന്റെ തമാശ കേട്ട്, മുറുക്കിച്ചുവന്ന പല്ലുകാട്ടി അച്യുതൻ നമ്പൂതിരി ചിരിച്ചു. കനപ്പെട്ട ഉപദേശങ്ങൾക്കൊപ്പം കാമ്പുള്ള തമാശകളും ശിഷ്യനുമായി പങ്കുവച്ചിരുന്നു സരസനായ ഇടശ്ശേരി. ഈ നർമം പകർന്നുകിട്ടിയതുകൊണ്ടാവണം പിന്നീടുള്ള അഭിമുഖങ്ങളിൽ തത്വചിന്തയ്ക്കൊപ്പം തമാശയും സമം ചേർത്താണ് അക്കിത്തം സംസാരിച്ചത്.
അക്കിത്തത്തിന്റെ ചില മറുപടികൾ
∙ കുട്ടിക്കാലത്ത് ആളുകൾ എന്നെ മന്ദബുദ്ധിയായാണു കണക്കാക്കിയിരുന്നത്. കാതിന്റെ തട്ടവലുപ്പം, തടിച്ച ദേഹം... ഇതൊന്നും ഞാൻ ഹരജി കൊടുത്തു മേടിച്ചതല്ലല്ലോ. എന്തായാലും കയ്യിൽ കിട്ടിയ സാധനം താഴെ വീണ് ഉടയാതിരിക്കണേ എന്നാണു പ്രാർഥന.
∙ മനുഷ്യനു മാത്രമേ ചിരിക്കാനാവൂ. കഴുതയുടെയും നത്തിന്റെയും ചിരി ചിരിയല്ല. അവയുടെ ചേഷ്ടയ്ക്ക് മനുഷ്യൻ നൽകിയ ഓമനപ്പേരോ ശകാരപ്പേരോ മാത്രം.
∙ ഭൂരിപക്ഷം മനുഷ്യരും അവരവരോടു പറയുന്നതല്ല അന്യരോടു പറയുന്നത്.
∙ ഭൂമിയോടുള്ള കടമ എത്രത്തോളം നിറവേറ്റുന്നുവോ അത്രത്തോളമാണ് ആകാശത്തേക്കുയരാൻ ചിറകിനു കരുത്തുണ്ടാവുന്നത്.
∙ ഹ്രസ്വമായ ജീവിതത്തിൽ ആരെങ്കിലും ലക്ഷ്യത്തിലെത്തുന്നുണ്ടോ? ഞാൻ സംശയിക്കുന്നു. മാർഗം ശുദ്ധമായാൽ അത്രത്തോളം നാം ലക്ഷ്യത്തോടടുത്തു എന്നു സമാധാനിക്കാൻ കഴിയുമല്ലോ.
∙ സ്ഥാനമാനങ്ങൾ എന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ല. മനസ്സിന്റെ കടച്ചിലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതാണ് എന്റെ പ്രശ്നം.
∙ ജീവപ്രീണനം കവിതയെഴുത്തിനേക്കാൾ അഥവാ കവിതയെഴുത്തോളം സന്തോഷമുളവാക്കുന്നു.
∙ എഴുതിയതിന്റെ പകുതി പോലും സഫലമായിട്ടില്ല എന്നു കാണുമ്പോഴും എനിക്കൊരു കൂസലുമില്ല.
∙ ഭാരതത്തിൽ മതമില്ല. സനാതനധർമമേയുള്ളൂ.
∙ രതി ഈശ്വരൻ തന്നെ. പ്രകൃതി നിലനിൽക്കണമെങ്കിൽ രതി വേണം.
∙ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലെ മൂന്നു ശ്ലോകം എഴുതിയപ്പോൾ കവിത കഴിഞ്ഞെന്നാണു ധരിച്ചത്. സ്വർഗം, നരകം, പാതാളം, ഭൂമി എന്നീ ഖണ്ഡങ്ങൾ ഓരോ ദിവസമായി എഴുതിയതാണ്. ഈ രചനയ്ക്കു പിന്നിൽ ഒരു കക്ഷിയോടുമുള്ള രാഷ്ട്രീയവിരോധമില്ല.
∙ കെ. ദാമോദരനെപ്പോലെ ഉൾക്കാഴ്ചയും പാണ്ഡിത്യവുമുള്ളവരുടെ ആശയങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി നയമായി സ്വീകരിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോയിട്ടുണ്ട്. ഇങ്ങനെ ഒരുപാടുണ്ട് അക്കിത്തത്തിന്റെ മൊഴിമുത്തുകൾ. കാൽപനികതയുടെ ചിറകിൽ പറന്ന മലയാള കവിതയെ ബലമുള്ള ചരടിൽ കോർത്തു മണ്ണിനോടും മനുഷ്യരോടും ചേർത്തുകെട്ടുകയായിരുന്നു സ്നേഹനിധിയായ ഈ മനുഷ്യൻ.