ADVERTISEMENT

ഒറ്റപ്പാലം ∙ ‘കോവിഡ് കാലത്തു വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർക്കു ഭക്ഷണം വിതരണം ചെയ്യാൻ റോബട്ടുകളെ ആശ്രയിക്കാം.’ ഇതു വെറുമൊരു ആശയമല്ല. ആവശ്യമെങ്കിൽ ആശ്രയിക്കാവുന്ന സാങ്കേതിക സംവിധാനം സ്വയം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒറ്റപ്പാലം വരോട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി. ഷാപ്പുപടി തരിയപ്പള്ളിയാലിൽ മോഹൻദാസ് – മിനി ദമ്പതികളുടെ മകൻ മനു മോഹൻ (15) ലോക്ഡൗൺ കാലത്തു നേരംപോക്കിനായി നിർമിച്ച റോബട് ഇന്നു കുടുംബത്തിനും നാട്ടുകാർക്കും വിസ്മയമാണ്.

മഹാനഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളിൽ ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന ‘ഫുഡ് സെർവിങ് റോബട്ടുകൾ’ സമൂഹമാധ്യമങ്ങൾ വഴി കണ്ടാണ് ആശയം രൂപപ്പെട്ടതെന്നു മനു മോഹൻ പറയുന്നു. അർഡിനോ റോബട് എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മൊബൈൽ ഫോണിലെ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചാണു റോബട്ടിന്റെ നിയന്ത്രണം. 15 മീറ്റർ ദൂരത്തിരുന്നു വരെ ചലിപ്പിക്കാം. 4 ചെറിയ മോട്ടറുകളും 4 റീചാർജബിൾ ബാറ്ററികളും ഉപയോഗിച്ചാണു നിർമാണം. ബോഡി നിർമിച്ചതു പ്ലൈവുഡ് ഉപയോഗിച്ച്.

2 കിലോഗ്രാം വരെ തൂക്കമുള്ള സാധനങ്ങൾ നിശ്ചിത ദൂരപരിധിയിൽ റോബട് എത്തിക്കും. സാധാരണ റോബട്ടുകളുടെ ബോഡി നിർമിക്കാനുപയോഗിക്കുന്ന ഫൈബർ സാമഗ്രികളുടെ വിലയും ഇവ ലോക്ഡൗൺ കാലത്തു ലഭിക്കാനുള്ള ബുദ്ധിമുട്ടും പരിഗണിച്ചായിരുന്നു വീട്ടിലുള്ള വസ്തുക്കൾ കൊണ്ടുള്ള രൂപകൽപന. ഫൈബർ സാമഗ്രികൾ വാങ്ങാൻ 20,000 രൂപയെങ്കിലും ചെലവുണ്ട്. വരോട് ഭവൻസ് സ്കൂളിലെ വിദ്യാർഥിയാണു മനു മോഹൻ. അച്ഛൻ മോഹൻദാസ് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ വീട്ടമ്മയും. സഹോദരി മഞ്ജിമ ഏഴാം ക്ലാസിൽ പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com