ഗൃഹനാഥനെ വധിക്കാൻ ശ്രമം; അച്ഛനും രണ്ടു മക്കൾക്കും 10 വർഷം കഠിനതടവും പിഴയും

Mail This Article
ഒറ്റപ്പാലം ∙ ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അച്ഛനും 2 മക്കൾക്കും 10 വർഷം കഠിനതടവും അരലക്ഷം പിഴയും. പട്ടാമ്പി പേരടിയൂർ കുഞ്ഞാലി വീട്ടിൽ ഏനി (66), മക്കൾ മുഹമ്മദ് മുസ്തഫ (43), അബ്ദുൽ വഹാബ് (33) എന്നിവരെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.സെയ്തലവി ശിക്ഷിച്ചത്.പേരടിയൂർ നെച്ചിക്കാട്ടിൽ ഗോപിനാഥനെ (കുട്ടൻ - 56) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണു വിധി.
പേരടിയൂരിലെ ചായക്കടയ്ക്കു സമീപം 2016 ജനുവരി 25നു രാവിലെ എട്ടരയോടെയാണു കേസിനാസ്പദമായ സംഭവം. ഏനിയും 2 മക്കളും ചേർന്നു ഗോപിനാഥനെ തടഞ്ഞുനിർത്തി കത്തികൊണ്ടു നെഞ്ചിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. ഏനിയുടെ കുടുംബവും മറ്റൊരാളുമായി നിലനിന്നിരുന്ന അതിർത്തിത്തർക്കത്തിൽ ഗോപിനാഥൻ സ്വീകരിച്ച നിലപാടിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.വധശ്രമത്തിനു 10 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ആയുധം ഉപയോഗിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനു 3 വർഷം കഠിനതടവും ദേഹോപദ്രവം ഏൽപിച്ചതിന് 6 മാസം തടവും തടഞ്ഞുവച്ചതിനു 15 ദിവസം തടവുമാണു ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ 3 മാസം തടവു കൂടി അനുഭവിക്കണം. വിവിധ വകുപ്പുകളിലായി വിധിച്ച തടവുശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. വിചാരണയിൽ 23 സാക്ഷികളെ കോടതി വിസ്തരിച്ചു. പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിച്ചതു മുൻ പൊലീസ് ഇൻസ്പെക്ടർ പി.വി.രമേഷ്, പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഹരി എന്നിവർ ഹാജരായി.