ഒഴുക്കിവിട്ടതു പണിയായി; പറമ്പിക്കുളത്ത് വെള്ളമില്ല
Mail This Article
മുതലമട ∙ ഷട്ടറിനു തകർച്ച സംഭവിച്ച പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് അടിത്തട്ടിൽ. ബലക്ഷയത്തെ തുടർന്നു നടുവിലെ ഷട്ടർ തകർന്നതിനാൽ 6 ടിഎംസിയോളം വെള്ളം പറമ്പിക്കുളം അണക്കെട്ടിൽ നിന്നു ചാലക്കുടി പുഴയിലേക്ക് ഒഴുക്കേണ്ടി വന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് സ്പിൽവേ നിലയിലേക്ക് എത്തിച്ചാൽ മാത്രമേ പുതിയ ഷട്ടർ സ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന സ്ഥിതിയിലാണു ചാലക്കുടി പുഴയിലേക്കു വെള്ളം ഒഴുക്കാൻ തമിഴ്നാട് ജലസേചന വകുപ്പ് നിർബന്ധിതമായത്.
ഇങ്ങനെ 6 ടിഎംസിക്കടുത്തു വെള്ളം പറമ്പിക്കുളം അണക്കെട്ടിൽ നിന്നു പാഴായിപ്പോയ സാഹചര്യമാണു ജലനിരപ്പ് അടിത്തട്ടിലേയ്ക്കു താഴുന്നതിനിടയാക്കിയ പ്രധാന കാരണം. 1825 അടി പൂർണ സംഭരണ ശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ ഇന്നലെ 1766.66 അടി വെള്ളം മാത്രമാണുള്ളത്.
1770 അടി സംഭരണ ശേഷിയുള്ള തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിൽ 1763.18 അടി വെള്ളമാണ് ഉള്ളത്. 1050 അടി പൂർണ സംഭരണ ശേഷിയുള്ള ആളിയാർ അണക്കെട്ടിൽ ഇന്നലെ 998.2 അടി വെള്ളമാണുള്ളത്. പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം ശുദ്ധജലത്തിനായി 75 ക്യുസെക്സ് വെള്ളമാണു മണക്കടവ് വിയർ വഴി സംസ്ഥാനത്തിനു ലഭിക്കേണ്ടത്. മേയ് 15 നു ശേഷം ഒന്നാം വിള നെൽക്കൃഷിയുടെ പ്രാരംഭ പ്രവൃത്തികൾക്കായി 400 ക്യുസെക്സ് വെള്ളവും കിട്ടണം.
അതിനു തടസ്സമുണ്ടായാൽ ശുദ്ധജല വിതരണവും ഒന്നാം വിളയുടെ ഒരുക്കവുമെല്ലാം പ്രതിസന്ധിയിലാകും. ചിറ്റൂർ മേഖലയിലെ കൃഷിക്കു പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം യഥാസമയം വെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണ്. പറമ്പിക്കുളം അണക്കെട്ടിൽ വെള്ളം ഇല്ലെങ്കിലും തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിലെ വെള്ളം ആളിയാറിലെത്തിച്ചു യഥാസമയത്തു സംസ്ഥാനത്തിനു വെള്ളം ലഭ്യമാക്കാനുള്ള നീക്കങ്ങൾ ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നും നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.