ദാഹം തീർക്കാൻ ഫ്രന്റ്സ് ക്ലബ്; 14 വർഷമായി തണ്ണീർപന്തൽ

Mail This Article
ഷൊർണൂർ ∙ വേനലിൽ വലഞ്ഞ് എത്തുന്ന വഴിയാത്രക്കാരുടെ ദാഹം തീർക്കാൻ 2011 ൽ ഷൊർണൂർ കാരക്കാടുള്ള ഫ്രന്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഒരു കൂട്ടം ആളുകൾ സൗജന്യമായി ദാഹജലം നൽകാൻ തീരുമാനിച്ചു. അങ്ങനെ പാലക്കാട് കുളപ്പുള്ളി പാതയിലെ ആറാണിയിൽ തെങ്ങിൻ പട്ട കൊണ്ട് തണ്ണീർപന്തൽ നിർമിച്ച് സൗജന്യ ദാഹജലം കൊടുത്ത് തുടങ്ങി. ചെറിയ രീതിയിൽ തുടക്കം കുറിച്ച ഈ മാതൃക പ്രവർത്തനം 14 വർഷമായി തുടരുകയാണ്. കനത്ത വെയിലേറ്റ് എത്തുന്ന വഴിയാത്രക്കാർക്ക് ആറാണി തണ്ണീർ പന്തലിൽ എത്തി ദാഹം തീർത്തിട്ട് പോകാം. കൂടുതൽ ദിവസങ്ങളിലും സംഭാരം ആണെങ്കിലും ചില ദിവസം തണ്ണിമത്തനും നാരങ്ങ വെള്ളവും ഉണ്ടാകും. എല്ലാ വർഷവും ആരിയങ്കാവ് പൂരത്തിന്റെ കൂത്ത് തുടങ്ങുന്ന ദിവസം തണ്ണീർ പന്തലിനും തുടക്കമാകും. രണ്ടര മാസം പിന്നിട്ട് മഴക്കാലത്തിന് തൊട്ടു മുൻപാണ് പന്തൽ അഴിക്കുന്നത്. രാവിലെ 11.30 മുതൽ ആരംഭിക്കുന്ന സംഭാരം വിതരണം ഉച്ചയ്ക്ക് 2 വരെ നീളും. ഒരു ദിവസം ആയിരം ലീറ്ററിൽ അധികം സംഭാരമാണു വിതരണം ചെയ്യുന്നത്.
ദിവസവും നാട്ടിലെ ഓരോ ആളുകളാണ് വിതരണത്തിന്റെ ചെലവുകൾ നൽകുന്നത്. 50 പേരടങ്ങുന്ന ക്ലബ് അംഗങ്ങൾ തന്നെയാണ് ഇതിന്റെ ഏകോപനവും. ഇതിനു പുറമേ രക്തദാനം, നിർധനർക്ക് ചികിത്സാ സഹായം, പാവപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകൽ, മരണത്തിന് ശേഷം നേത്രദാനം തുടങ്ങിയ സേവന പ്രവർത്തനങ്ങളും ക്ലബ് നടത്തി വരുന്നു. ഒരു മാസത്തിൽ മൂന്നിലധികം പരിപാടികളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുള്ളത്. വയോജന വേദി, വനിത വേദി, ചിൽഡ്രൻസ് ക്ലബ് എന്നിവയും ക്ലബ്ബിനു കീഴിലുണ്ട്. കെ.ടി. സുധീഷ് പ്രസിഡന്റും സി.ബിജു സെക്രട്ടറിയും പി.കെ. സഞ്ജയൻ ട്രഷററുമാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.