തിരുവല്ല ബൈപാസ്: വയഡക്ട് പൈലിങ് ഇന്നു പൂർത്തിയാകും

Mail This Article
തിരുവല്ല ∙ ബൈപാസിന്റെ പ്രധാന ഭാഗമായ മല്ലപ്പള്ളി റോഡ് മുതൽ രാമൻചിറ വരെയുള്ള വയഡക്ടിന്റെ പൈലിങ് ജോലികൾ ഇന്നു പൂർത്തിയാകും. കെഎസ്ടിപി പ്രോജക്റ്റ് ഡയറക്ടർ ഡോ. രാജമാണിക്യം, ചീഫ് എൻജിനീയർ ഡാർലിൻ കാർമലീത്ത ഡിക്രൂസ് എന്നിവർ ഇന്നു സ്ഥലം സന്ദർശിക്കുമെന്നു മാത്യു ടി.തോമസ് എംഎൽഎ അറിയിച്ചു.
നേരത്തേ തീരുമാനിച്ച പദ്ധതിയിൽ നിന്നു മാറ്റി വയഡക്ട് നിർമിക്കാൻ തീരുമാനിച്ച് നിർമാണം തുടങ്ങിയത് കഴിഞ്ഞ മാർച്ചിലാണ്. എന്നാൽ 23 ദിവസത്തിനുശേഷം നിർമാണം നിർത്തിവയ്ക്കേണ്ടിവന്നു. ലോകബാങ്കിന്റെ പരിശോധന പൂർത്തിയാക്കി ഒക്ടോബറിലാണ് വീണ്ടും തുടങ്ങിയത്. മാർച്ച് 31 വരെയാണ് കാലാവധിയെങ്കിലും മേയ് 31നു മാത്രമേ നിർമാണം പൂർത്തിയാകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. അതോടെ മഴുവങ്ങാട് മുതൽ രാമൻചിറ വരെയുള്ള ബൈപാസ് നിർമാണം പൂർണമാകും.
മല്ലപ്പള്ളി റോഡിൽ നിന്നു തുടങ്ങി രാമൻചിറ വരെ 210 മീറ്റർ ദൂരത്തിൽ 10 തൂണുകളാണ് വയഡക്ടിനുള്ളത്. ഇതിന് 61 പൈലുകളാണ് അടിച്ചിരിക്കുന്നത്. 27 മീറ്റർ മുതൽ 43 മീറ്റർ വരെ ആഴമാണ് പൈലുകൾക്കുള്ളത്. ഇതിൽ 7 പൈലുകളുടെ തറനിരപ്പ് വരെയുള്ള നിർമാണം പൂർത്തിയായി. 2 തൂണുകൾക്കിടയിൽ 25 മീറ്ററാണ് ദൂരം.
ഈ ഭാഗത്ത് നേരത്തേ നിർമിച്ച 4 ഗർഡറുകൾ വീതം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 36 ഗർഡറുകളാണ് വേണ്ടത്. ഇതിൽ ആദ്യത്തെ ഗർഡറിന്റെ കോൺക്രീറ്റിങ് നാളെ നടത്തും. വയഡക്ടിനു മൊത്തം വീതി 12 മീറ്ററാണ്. ഇതിൽ റോഡുഭാഗം 10 മീറ്റർ വരും. നടപ്പാതയില്ല. വാഹനങ്ങൾക്കു മാത്രമാണ് ഇതിലൂടെ പോകാൻ കഴിയുന്നത്.
ബൈപാസിന്റെ മറ്റു ഭാഗങ്ങളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. മഴുവങ്ങാട് മുതൽ ബി വൺ ബി വൺ റോഡുവരെയുള്ള ഭാഗം ടാറിങ് പൂർത്തിയായി. വശങ്ങളിലെ സംരക്ഷണ ഭിത്തിയുടെ നിർമാണമാണ് നടക്കുന്നത്. മേൽപാലത്തിലേക്കുള്ള റോഡ് മണ്ണിട്ടുയർത്തുന്ന ജോലിയും തീരാറായി. മേൽപാലം മുതൽ മല്ലപ്പള്ളി റോഡുവരെ ആദ്യഘട്ട ടാറിങും നടത്തിയിട്ടുണ്ട്.