തിരുവല്ല ബൈപാസ് മേയ് 31ന് തുറക്കും: ഡോ. രാജമാണിക്യം

Mail This Article
തിരുവല്ല ∙ ബൈപാസ് നിർമാണം പൂർത്തിയാക്കി മേയ് 31നു തുറന്നുകൊടുക്കുമെന്നു കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ ഡോ.എം.ജി.രാജമാണിക്യം. മഴുവങ്ങാട് മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗം മാർച്ച് 1നു പൂർത്തിയാകും. ഇവിടം മുതൽ രാമൻചിറ വരെയുള്ള വയഡക്ടിന്റെ നിർമാണത്തിനാണ് സമയം വേണ്ടത്. ഇതു 5 മാസത്തിനകം പൂർത്തിയാകും.
പച്ചമണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ടാണ് നിർമാണം താമസിക്കാൻ കാരണം. മഴുവങ്ങാട് മുതൽ പുഷ്പഗിരി റോഡ് വരെയുള്ള ഭാഗത്ത് വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന ജോലി ഇന്നു തുടങ്ങാനും നിർദേശിച്ചു. ഇതോടൊപ്പം പൈലിങ് ജോലികൾ പൂർത്തിയായ വയഡക്ടിന്റെ ഗർഡറിന്റെ നിർമാണവും ഇന്നു തുടങ്ങും. മഴുവങ്ങാട് മുതൽ രാമൻചിറ വരെയുള്ള ഭാഗത്തെ നിർമാണ പുരോഗതി മാത്യു ടി.തോമസ് എംഎൽഎയോടൊപ്പം സന്ദർശിച്ച് വിലയിരുത്തിയശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ബൈപാസ് പുഷ്പഗിരി റോഡുമായി ചേരുന്ന ഭാഗത്ത് കൂടുതൽ സ്ഥലം വിട്ടുനൽകാമെന്നു നഗരസഭാധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ അറിയിച്ചു. മണ്ണു കിട്ടാനുള്ള ബുദ്ധിമുട്ട് മാത്രമാണ് നിർമാണത്തിനുള്ള കാലതാമസമെന്നു കെഎസ്ടിപി ചീഫ് എൻജിനീയർ ഡാർലിൻ കാർമലീത്ത ഡിക്രൂസ് പറഞ്ഞു. രാമൻചിറയിലേക്കുള്ള വയഡക്ടിന്റെ നിർമാണം വേഗത്തിലാക്കാനും ഡോ.എം.ജി.രാജമാണിക്യം നിർദേശം നൽകി.
10 തൂണുകൾക്കു മുകളിൽ 25 മീറ്റർ നീളമുള്ള 36 ഗർഡറുകളാണ് വേണ്ടത്. ഇതിന്റെ നിർമാണം ഇന്നു തുടങ്ങും. മേൽപാലത്തിന്റെയും വയഡക്ടിന്റെയും അടിയിൽ വരുന്ന ഭാഗം കയ്യേറ്റം ഉണ്ടാകാതെ സംരക്ഷിച്ച് പാർക്കിങിനുള്ള സ്ഥലമാക്കി മാറ്റണമെന്ന് എംഎൽഎ നിർദേശിച്ചു.