ദുബായിലെ ജോലി ഉപേക്ഷിച്ചെങ്കിലെന്ത്? ഇപ്പോൾ വെറുതെയിരിക്കാൻ ഒട്ടും സമയമില്ല!
Mail This Article
അടൂർ ∙ ലോക്ഡൗണിൽ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്ന കാലത്ത് തുവയൂർ തെക്ക് സ്വദേശി അലൻ ഡെന്നി ജയിംസിന്റെ മനസ്സിലേക്കെത്തിയ ആശയം ഇന്നു മിഴിവേകുന്നത് ആയിരക്കണക്കിനു വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക്. ഒപ്പം സഫലമായത് സ്വന്തമായൊരു വരുമാനമെന്ന ലക്ഷ്യവും. ലോക്ഡൗണിന്റെ തുടക്കത്തിൽ അലൻ ആരംഭിച്ച ‘ഐ പ്ലസ് എജ്യുക്കേഷൻ’ എന്ന ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് സൂപ്പർഹിറ്റായത്. ലോക്ഡൗണിലെ പ്രതിസന്ധിയെ പുത്തൻ ആശയങ്ങൾ കൊണ്ട് അതിജീവിച്ച കഥയാണ് ഐ പ്ലസിനു പറയാനുള്ളത്.
ഏപ്രിലിൽ നെറ്റ് പരീക്ഷാപരിശീലനം മലയാളത്തിൽ നൽകിത്തുടങ്ങിയ പ്ലാറ്റ്ഫോം ഇന്ന് സ്കൂൾ വിദ്യാർഥികൾക്കുള്ള നോട്ടുകൾ നൽകലും എൻട്രൻസ് പരിശീലനവുമൊക്കെയായി വളർന്നു. യു ട്യൂബ് ചാനൽ മാത്രമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്ന സ്കൂൾ ക്ലാസുകൾ പിന്തുടരാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ സഹായിക്കാൻ യു ട്യൂബ് ചാനലിലൂടെ നോട്ടുകൾ നൽകിത്തുടങ്ങി. സംഗതി വിദ്യാർഥികൾ ഏറ്റെടുത്തതോടെ അറുപതിനായിരത്തോളം സബ്സ്ക്രൈബേഴ്സാണ് ചുരുങ്ങിയ കാലം കൊണ്ട് ചാനലിനുണ്ടായത്.
ഇതിലൂടെ നെറ്റ് പരിശീലന ക്ലാസുകളും ഹൈസ്കൂൾ വിദ്യാർഥികളുടെ നോട്ടുകളും സൗജന്യമായി ലഭിക്കുമെന്നതാണ് പ്രത്യേകത. തുടർന്ന് എൻട്രൻസ് പരിശീലനവും ആരംഭിച്ചു. ഐ പ്ലസ് ഗുരു എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലും learn.iplus.guru എന്ന വെബ്സൈറ്റിലും ഇവയെല്ലാം ക്രോഡീകരിച്ചിട്ടുണ്ട്. എംടെക് ബിരുദധാരിയായ അലൻ ദുബായിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയ ശേഷമാണ് കോവിഡ് പിടിമുറുക്കുന്നത്. ലോക്ഡൗൺ ആരംഭിച്ച കാലത്ത് ജോലി ഇല്ലാത്തതിന്റെ ആശയങ്കയായിരുന്നെങ്കിൽ ഇപ്പോൾ വെറുതെയിരിക്കാൻ സമയമില്ലാത്തതിന്റെ വിഷമമാണെന്നു അലൻ പറയുന്നു. ഐ പ്ലസ് സംഘത്തിൽ അലനൊപ്പം ജ്യോതിഷ് ജോസ്, കെ.ജെ.ജോഷി, ജോഷ്വ വി.ജോൺ, ബിൻസി അലക്സ് എന്നിവരുമുണ്ട്.