ഇന്ന് ലോക രക്തദാന ദിനം; രക്തത്തിനായി വിനീതം
Mail This Article
ജൂസ് കട ഉടമ വിനീത് നടത്തുന്ന രക്തദാനസേവനം നാടിനു മാതൃക
അടൂർ ∙ രക്തദാതാവായ വിനീതിന്റെ കൂട്ടുകാരന്റെ കടയിൽ എത്തിയാൽ ജൂസ് മാത്രമല്ല രക്തം ദാനം ചെയ്യുന്നവരുടെ പേരുവിവരം അടങ്ങിയ പട്ടികയും കിട്ടും. അടൂർ വിളനിലം വീട്ടിൽ വി.വിനീത് ജനറൽ ആശുപത്രിക്കു പടിഞ്ഞാറ് ഭാഗത്തായി അടുത്തിടെ തുടങ്ങിയ ജൂസ് കടയാണ് രക്തദാനവുമായി ബന്ധപ്പെട്ട സേവനകേന്ദ്രമായും പ്രവർത്തിക്കുന്നത്.ഈ കടയിൽ ഇട്ടിരിക്കുന്ന എല്ലാ ടേബിളിലും ഓരോ ബുക്ക് വച്ചിട്ടുണ്ട്. ഇവിടെ ജൂസ് കുടിക്കാൻ വരുന്നവരിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് ആ ബുക്കിൽ പേരും വിലാസവും രക്ത ഗ്രൂപ്പും ഫോൺ നമ്പരും രേഖപ്പെടുത്താം.
ഈ ബുക്കുകളിൽ ഇതുവരെ മൂവായിരത്തോളം പേരുടെ ലിസ്റ്റുണ്ട്. ഇതു കൂടാതെ വിനീതിന്റെ കയ്യിലും ഫോണിലുമായി അയ്യായിരത്തോളം രക്തദാതാക്കളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് വേറെയുമുണ്ട്. രക്തം ആവശ്യമുള്ളവർക്ക് ഈ കടയിൽ എത്തിയാൽ വേണ്ട രക്തഗ്രൂപ്പുള്ള ആളുകളുടെ ലിസ്റ്റു കിട്ടും. കടയിൽ വരുന്നവരോട് രക്തദാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയ ശേഷമാണ് ബുക്കിൽ പേര് രേഖപ്പെടുത്താൻ ഈ യുവാവ് ആവശ്യപ്പെടുന്നത്.
രക്തം ദാനം ചെയ്ത കഴിഞ്ഞ് കൂട്ടുകാരന്റെ കടയിൽ എത്തുന്നവർക്ക് ജൂസ് സൗജന്യവുമാണ്. കടയുടെ മുൻവശത്തും ചുവരുകളിലുമെല്ലാം രക്തം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എഴുതിവച്ചിട്ടുമുണ്ട്.വിനീത് 17–ാം വയസ്സു മുതലാണ് രക്തം ദാനം ചെയ്തു തുടങ്ങിയത്. ഇപ്പോൾ 31–ാം വയസ്സിൽ എത്തിയപ്പോൾ ഇതുവരെ 34 തവണയാണ് രക്തം ദാനം ചെയ്തത്. ഇനി ഓഗസ്റ്റിൽ വീണ്ടും ആവശ്യമുള്ളവർക്ക് രക്തം ദാനം ചെയ്യാൻ തയാറാണെന്നും വിനീത് പറഞ്ഞു.