ADVERTISEMENT

പത്തനംതിട്ട∙ ‘പരിശീലനത്തിനു നല്ലൊരു ഗ്രൗണ്ടൊരുക്കൂ, അടിസ്ഥാന സൗകര്യങ്ങൾ തരൂ. സംസ്ഥാന സ്കൂൾ കായികമേളകളിൽ ഞങ്ങൾ കൂടുതൽ മെഡലുകൾ കൊണ്ടിവരാം’– കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ വെള്ളി മെഡൽ നേടിയ എച്ച്.അമാനികയുടെ വാക്കുകളാണിത്.

2 വെള്ളിയും ഒരു വെങ്കലവും നേടി നില അൽപം മെച്ചപ്പെടുത്തിയെങ്കിലും തുടർച്ചയായ രണ്ടാം വർഷവും പട്ടികയിലെ അവസാനസ്ഥാനക്കാരായാണു(7 പോയിന്റ്) ജില്ല മേളയോടു വിടപറഞ്ഞത്. അമാനികയ്ക്കു പുറമേ എയ്ഞ്ചലിൻ ആൻ ടോം(സീനിയർ വനിത ജാവലിൻ– വെള്ളി), സ്നേഹ മറിയം വിൽസൻ(സീനിയർ വനിത 200 മീറ്റർ– വെങ്കലം) എന്നിവരാണു ജില്ലയുടെ മെഡൽ നേട്ടക്കാർ.

28 സ്വർണവും 27 മെഡലും 12 വെങ്കലവും അടക്കം 266 പോയിന്റോടെ പാലക്കാട് ജില്ല ജേതാക്കളായ മേളയിൽ പോയിന്റ് പട്ടികയുടെ 13ാം സ്ഥാനത്തുള്ള വയനാടിനു പോലുമുണ്ട് 3 സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവും അടക്കം 20 പോയിന്റ്. കഴിഞ്ഞ വർഷത്തെ സ്കൂൾ കായികമേളയിൽ ഒരു വെങ്കല മെഡലാണു ജില്ലയ്ക്ക് ആകെ ലഭിച്ചത്. 

അന്നു പത്തനംതിട്ടയ്ക്കൊപ്പം വയനാട് (5 പോയിന്റ്), ഇടുക്കി (8), കൊല്ലം (9) എന്നീ ജില്ലകളാണു രണ്ടക്കം കടക്കാതെ പോയത്. കൊല്ലവും (23), ഇടുക്കിയും (25) ഇക്കുറി മികച്ച മുന്നേറ്റം നടത്തിയപ്പോൾ ട്രാക്കിലും ഫീൽഡിലും ജില്ല കിതപ്പു തുടർന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലയുടെ പിന്നോട്ടോട്ടത്തിനുള്ള കാരണമെന്ത്? 

മോഹിപ്പിച്ചു,  ഒടുവിൽ വെള്ളി
ജില്ലയ്ക്കു സ്വർണ പ്രതീക്ഷ നൽകിയ ശേഷം വെള്ളിയിലെത്തിയ താരമാണ് ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസ് വിദ്യാർഥിനിയായ എയ്ഞ്ചലിൻ ആൻ ടോം. ജില്ലാ കായികമേളയിൽ 32.97 മീറ്റർ ദൂരം കണ്ടെത്തിയ എയ്ഞ്ചലിന് കുന്നംകുളത്ത് ഈ പ്രകടനം ആവർത്തിക്കാനായിരുന്നെങ്കിൽ സ്വർണം ഉറപ്പായിരുന്നു. എന്നാൽ, കുന്നംകുളത്ത് എത്തിയ 15 മുതലുള്ള ദിവസങ്ങളിൽ പിടിപെട്ട പനിയും പേശിവലിവും തിരിച്ചടിയായി. 

ഇതിനെയെല്ലാം അതിജീവിച്ച് 29.4 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തുനിന്ന എയ്ഞ്ചലിനെ അവസാന ത്രോയിൽ പിന്തള്ളിയാണ്(31 മീറ്റർ) കോതമംഗലം മാർ ബേസിൽ താരം സ്വർണം നേടിയത്. ഇവർക്കു പുറമേ, ഡിസ്കസിലും ഹഡിൽസിലുമൊക്കെ ഫൈനലിൽ എത്തിയെങ്കിലും മറ്റു ജില്ലകളിലെ ‘പക്കാ’ പ്രഫഷനൽസിനോടു മുട്ടി പരാജയം രുചിച്ച കുട്ടികൾ പറയുന്നു, ഇനിയും കഷ്ടപ്പെടാം, തരക്കേടില്ലാത്ത പരിശീലന സൗകര്യമെങ്കിലും തന്നാൽ മതി.

കടം വാങ്ങിയ ജംപിങ് പിറ്റ്, തട്ടിക്കൂട്ടു ജില്ലാ മേളകൾ.. ഇങ്ങനെ പോയാൽ മതിയോ?  അതേക്കുറിച്ചു നാളെ

അമാനികയുടെ നഷ്ടം, ജില്ലയുടെയും
കഴിഞ്ഞ ഒന്നര വർഷമായി ഒന്നിച്ചുള്ള ചിട്ടയായ പരിശീലനം. 100 മീറ്ററിൽ വീറുറ്റ സൗഹൃദ മത്സരം. അടൂർ സെന്റ് മേരീസ് എച്ച്എസ്എസ് വിദ്യാർഥികളായ അമാനികയും സ്നേഹയുമാണു ജില്ലയിൽനിന്ന് ഏറ്റവും മെഡൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന വിദ്യാർഥികൾ. എന്നാൽ, ജില്ലാ സ്കൂൾ കായികമേള, സൗത്ത് സോൺ നാഷനൽ ജൂനിയർ മീറ്റ്, സംസ്ഥാന സ്കൂൾ കായികമേള എന്നിവ അടുപ്പിച്ചുള്ള തീയതികളിൽ നടത്തേണ്ടിവന്നത് അമാനികയ്ക്കു തിരിച്ചടിയായി. 

സൗത്ത് സോൺ നാഷനൽ മീറ്റിൽ ലോങ് ജംപിൽ 4–ാം സ്ഥാനം നേടിയ അമാനിക 17ാം തീയതി രാവിലെ തെലങ്കാനയിൽനിന്നു നേരെ കുന്നംകുളത്തെ വേദിയിലേക്കെത്തുകയായിരുന്നു. തുടർന്ന് ആവശ്യത്തിനു വാംഅപ്പോ വിശ്രമമോ കൂടാതെയാണ് അന്നു രാവിലെ 10.30നുള്ള ലോങ് ജംപിൽ മത്സരിച്ചത്. സീസണിൽ 5.21 മീറ്റർ പലതവണ ചാടിയ അമാനികയ്ക്ക് കുന്നംകുളത്തു ചാടാനായത് 5.01 മീറ്റർ‌.

ലഭിച്ചത് 5ാം സ്ഥാനം. 5.20 മീറ്റർ ചാടിയ കുട്ടിക്കായിരുന്നു വെങ്കലം. വിശ്രമത്തിനും വാം അപ്പിനും ശേഷം പിറ്റേന്നു നടന്ന 100 മീറ്ററിൽ ഉശിരോടെ ഇറങ്ങി 12.72 മിനിറ്റിൽ ഫിനിഷ് ചെയ്തു വെള്ളി നേടി. നടുവേദന അനുഭവപ്പെട്ടതോടെ ദേശീയമീറ്റുകളെ കരുതി ട്രിപ്പിൾ ജംപിലും മെഡലിനായി ശ്രമിച്ചില്ലെന്ന് അമാനിക പറഞ്ഞു.

100 മീറ്ററിൽ അമാനിക വെള്ളി നേടുമ്പോൾ 13.01 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി 5–ാം സ്ഥാനത്തെത്തിയ സ്നേഹ 200 മീറ്ററിലാണ് മെഡൽ സ്വന്തമാക്കിയത്. 27.35 സെക്കൻഡിലായിരുന്നു ഫിനിഷിങ്. ഉച്ചകഴിഞ്ഞു നടന്ന മത്സരത്തിൽ കടുത്ത കാറ്റിനെ അതിജീവിച്ച് ഓടേണ്ടിവന്നതിനാലാണു ഫിനിഷിനു കൂടുതൽ സമയമെടുത്തതെന്നും മികച്ച പ്രകടനം പുറത്തെടുക്കാനായതിൽ സന്തോഷമുണ്ടെന്നും സ്നേഹ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com