ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം

Mail This Article
ശബരിമല ∙ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു.തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തിരുവാഭരണ വാഹക സംഘം എത്തി ശരണം വിളിച്ചു തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റി. തിരുനടയിൽ എത്തി അയ്യനെ വണങ്ങി അനുവാദം വാങ്ങി പതിനെട്ടാംപടി ഇറങ്ങി. തുടർന്നു രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ഈ സമയം മറ്റാരും ഉണ്ടാകാൻ പാടില്ലെന്ന നിബന്ധനയുണ്ട്.രാജപ്രതിനിധിയുടെ ദർശനം കഴിഞ്ഞതോടെ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി.
ജപമാലയും യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി നട അടച്ചു.മേൽശാന്തി ആചാരപരമായി ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിക്കു കൈമാറി.രാജപ്രതിനിധി പതിനെട്ടാംപടി ഇറങ്ങിയ ശേഷം അടുത്ത ഒരു വർഷത്തെ പൂജയ്ക്കായി ശ്രീകോവിലിന്റെ താക്കോൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ബിജു വി.നാഥിനു കൈമാറി. പൂജകൾക്കുള്ള ചെലവിനായി പണക്കിഴിയും നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ, എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു, സോപാനം സ്പെഷൽ ഓഫിസർ ജയകുമാർ, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
വരുമാനം 440 കോടി;110 കോടി വർധിച്ചു
മണ്ഡല–മകരവിളക്കു തീർഥാടന കാലത്തെ ദേവസ്വം ബോർഡിന്റെ ആകെ വരുമാനം 440 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ഉണ്ട്. നാണയങ്ങൾ ഉൾപ്പെടെ കാണിക്ക പൂർണമായും എണ്ണിത്തീർന്നു. കാണിക്ക ഇനത്തിൽ മാത്രം 17 കോടി രൂപ കൂടുതൽ ലഭിച്ചു. 52.48 ലക്ഷം തീർഥാടകർ ദർശനം നടത്തി. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ തിരക്കു നിയന്ത്രിക്കാൻ കഴിഞ്ഞത് പരാതി രഹിത തീർഥാടനത്തെ സഹായിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
അരവണ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 192 കോടി രൂപ, കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി കൂടുതലാണ്. കാണിക്ക ഇനത്തിൽ ഇത്തവണ 126 കോടി രൂപ ലഭിച്ചു. നാണയം പൂർണമായും എണ്ണി തിട്ടപ്പെടുത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ വലിയ നേട്ടം.വൃശ്ചികം ഒന്നു മുതൽ 150 ദിവസ വേതനക്കാരെ നാണയം എണ്ണാൻ വേണ്ടി മാത്രം നിയോഗിച്ചാണ് ഇതു പൂർത്തിയാക്കിയത്. ദേവസ്വം ബോർഡ് 25 ലക്ഷം തീർഥാടകർക്ക് അന്നദാനം നൽകി. കഴിഞ്ഞ വർഷത്തേക്കാൾ 10 ലക്ഷം തീർഥാടകർ ഇത്തവണ കൂടുതലാണ്.