എബിസി പദ്ധതിക്ക് പുതിയ ഉണർവ്; കെട്ടിടത്തിന്റെ നിർമാണം മേയ് മാസത്തിൽ പൂർത്തിയാകും

Mail This Article
പുളിക്കീഴ് ∙ ജില്ലയിലെ തെരുവുനായ പ്രജനന നിയന്ത്രണ (എബിസി) പദ്ധതിക്കു വീണ്ടും ജീവൻ വയ്ക്കുന്നു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം മേയ്മാസത്തിൽ പൂർത്തിയാകും. തുടർന്ന് ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചു പ്രവർത്തനം തുടങ്ങനാണു നീക്കം. എബിസി കേന്ദ്രത്തിന്റെ നിർമാണ പുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ഡിവിഷൻ അംഗം മായ അനിൽകുമാർ, സെക്രട്ടറി ഷെർള ബീഗം, എക്സിക്യൂട്ടീവ് അംഗം എസ്.അനിത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.സി.ജയചന്ദ്രൻ എന്നിവർ പരിശോധിച്ചു.
പ്രധാന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം 3 മാസത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്നു കരാറുകാരൻ പരിശോധനവേളയിൽ ഉറപ്പുനൽകി. അനുബന്ധ നിർമാണങ്ങൾക്കുള്ള ടെൻഡർ നടപടി സ്വീകരിച്ചിട്ടുള്ളതായി പ്രസിഡന്റ് അറിയിച്ചു. ചുറ്റുമതിലും, ഷെൽട്ടറുകളും പണിയുന്നതിനുള്ള 50 ലക്ഷത്തിന്റെ പദ്ധതിയാണിത്. പുളിക്കീഴിൽ പമ്പ റിവർ ഫാക്ടറി വക സ്ഥലത്തു മൃഗാശുപത്രിയോടു ചേർന്നാണു നിർമാണം. 3 വർഷത്തോളം പദ്ധതി നടത്തിയിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണു പുതിയ കെട്ടിടം പണിയുന്നത്.
കെട്ടിടം പൊളിച്ചതോടെ പദ്ധതിയും നിർത്തിവച്ചിരുന്നു. പകരം സംവിധാനം കണ്ടെത്താതെ കെട്ടിടം പൊളിച്ചതോടെയാണു പദ്ധതി നിർത്തിവയ്ക്കേണ്ടി വന്നത്. തെരുവ് നായകളെ പിടികൂടി വന്ധ്യംകരണം നടത്തി അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണു തെരുവുനായ പ്രജനന നിയന്ത്രണം (എബിസി). ഇതിനുള്ള ജില്ലയിലെ ഏക കേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. മൃഗാശുപത്രിയോടു ചേർന്നു താൽക്കാലികമായി ഒരുക്കിയ കെട്ടിടമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
ഇതു സ്ഥിരം സംവിധാനമാക്കുന്നതിനാണു ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. 40 സെന്റ് സ്ഥലത്താണു കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. രണ്ട് നിലകളിലായി 2800 ചതുരശ്ര അടിയിൽ പണിയുന്ന കെട്ടിടത്തിന്റെ അടിത്തറയുടെ നിർമാണം പൂർത്തിയായി. പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് അടിത്തറ നിർമിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി ചെയർമാനും ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ, വെറ്ററിനറി ഡോക്ടർ എന്നിവരും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള ജില്ലാതല സഹകരണ സംഘത്തിൽ നിന്നുള്ള ഒരു പ്രതിനിധിയും, മൃഗസംരക്ഷണ സംഘടനകളിൽ നിന്നു 2 പേരും ഉൾപ്പെട്ട കമ്മിറ്റിക്കാണ് പ്രവർത്തനത്തിന്റെ മേൽനോട്ടം..
പദ്ധതി നിലച്ചിട്ട് മൂന്നു വർഷം
തെരുവുനായ ശല്യം നാട്ടിൽ രൂക്ഷമായതോടെയാണ് ഇവയുടെ പ്രജനന നിയന്ത്രണ മാർഗം നടപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കിയപ്പോൾ കുറെ നിയന്ത്രണം വന്നിരുന്നു. എന്നാൽ 3 വർഷമായി പദ്ധതി നിലച്ചതോടെ നാട്ടിൽ വീണ്ടും തെരുവുനായകളുടെ എണ്ണവും ആക്രമണവും വർധിച്ചിട്ടുണ്ട്. പദ്ധതി വീണ്ടും തുടങ്ങുന്നതോടെ ഇതിനു പരിഹാരമാകും.