പുതിയ ദർശനരീതി: ശബരിമല സന്നിധാനത്ത് തിക്കും തിരക്കും കാത്തുനിൽപും

Mail This Article
ശബരിമല ∙ പുതിയ ദർശനരീതി പരീക്ഷിച്ചപ്പോൾ തീർഥാടകരുടെ കാത്തുനിൽപ് നീണ്ടു. ഇന്നലെ വലിയ നടപ്പന്തലിൽ പതിനെട്ടാംപടി കയറാൻ ക്യു ഇല്ലാത്തപ്പോഴും കൊടിമരച്ചുവട്ടിലും മേൽപാലത്തിലും വടക്കേനടയിലും തീർഥാടകർ തിങ്ങിനിറഞ്ഞു. സോപാനത്തെ തിക്കുംതിരക്കും കുറയ്ക്കാൻ, ഇരുമുടിക്കെട്ട് ഇല്ലാതെ വടക്കേനട വഴി വന്നവരെ തടഞ്ഞു നിർത്തി. ക്യു ചലിക്കാതെ മൂന്നു മണിക്കൂറിലേറെ നിൽക്കേണ്ടി വന്നു. അപ്പോഴേക്കും വടക്കേനടയിലെ ക്യു മാളികപ്പുറം ക്ഷേത്രവും പിന്നിട്ടു. തീർഥാടകർ ബഹളം ഉണ്ടാക്കിയ ശേഷമാണ് വടക്കേനട വഴിയുള്ളവരെ കടത്തിവിട്ടത്.
രാവിലെ നട തുറന്നപ്പോഴത്തെ വലിയ തിരക്ക് പരിഗണിച്ച് മേൽപാലത്തിൽ തീർഥാടകരെ കയറ്റി നിർത്തി. പുതിയ ദർശന രീതിക്കായി സോപാനത്തെ പഴയ പ്ലാറ്റ്ഫോം മാറ്റിയതിനാൽ മേൽപാലം വഴി വരുന്നവർ ബലിക്കൽപുര വഴിയുള്ളവരുമായി കൂട്ടിമുട്ടി. തിക്കും തിരക്കും കാരണം ശരിയായി ദർശനം കിട്ടാതെ വന്നു. പരാതി കൂടിയപ്പോൾ മേൽപാലത്തിലൂടെ വന്നവരെക്കൂടി ബലിക്കൽപുര വാതിലിലൂടെ തിരിച്ചുവിട്ടു. ഇതുകാരണം ബലിക്കൽപുര, കൊടിമരം, കിഴക്കേ തിരുമുറ്റം തുടങ്ങി എല്ലായിടത്തും തിക്കുംതിരക്കുമായിരുന്നു.
ബലിക്കൽപുര വഴിയും മേൽപാലത്തിലൂടെയും തീർഥാടകരെ ഒരുപോലെ കടത്തിവിടുന്ന ഹൈബ്രിഡ് മോഡൽ നടപ്പാക്കാൻ സോപാനത്തെ പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തണം. അതിനു സമയമെടുക്കും. ഇപ്പോഴത്തെ രീതിയിൽ പോയാൽ വിഷുവിന്റെ വലിയ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരും. എങ്ങനെയും പുതിയ ദർശന രീതി വിജയിപ്പിക്കാൻ ശ്രമിക്കണമെന്നാണു പൊലീസിനു ലഭിച്ച നിർദേശം.
ഹൈബ്രിഡ് മോഡൽ: 21ന് പണി തുടങ്ങും
സന്നിധാനത്ത് ഹൈബ്രിഡ് മോഡൽ ദർശനരീതി നടപ്പാക്കാനുള്ള പണികൾ 21ന് തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. തിരക്ക് കുറവുള്ളപ്പോൾ ബലിക്കൽപുര വഴിയും തിരക്കു കൂടുമ്പോൾ മേൽപാലത്തിലൂടെയും തീർഥാടകരെ കടത്തിവിടുന്നതാണു ഹൈബ്രിഡ് സംവിധാനം. പുതിയ ദർശനരീതി തുടരും. തിരക്ക് കൂടുതലുള്ളപ്പോൾ മേൽപാലത്തിലൂടെയും കടത്തിവിടും. ഇതിനായി തള്ളി നീക്കി 5 മിനിറ്റിനുള്ളിൽ വേഗം എത്തിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം ഉണ്ടാക്കുന്നതിന്റെ പണിയാണ് 21ന് തുടങ്ങുന്നത്. ഉത്സവം, വിഷു എന്നിവയ്ക്കായി നടതുറക്കുന്ന ഏപ്രിൽ ഒന്നിനു തന്നെ ഹൈബ്രിഡ് സംവിധാനം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.