കാട്ടാനകൾ കൊമ്പുകോർത്തു; ഒരെണ്ണം കുത്തേറ്റ് ചരിഞ്ഞു

Mail This Article
കോന്നി ∙ നടുവത്തുമൂഴി വനം റേഞ്ചിലെ കടിയാർ ഭാഗത്ത് കാട്ടാനകൾ കൊമ്പുകോർത്തതിനെ തുടർന്ന് കുത്തേറ്റ് കൊമ്പനാന ചരിഞ്ഞു. ബുധനാഴ്ചയാണ് സംഭവമെന്ന് കരുതുന്നു. രാത്രി വനംവകുപ്പ് അധികൃതർക്ക് ഇതിന്റെ സൂചന ലഭിച്ചിരുന്നു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ കൊമ്പ് കൊണ്ടുള്ള കുത്തേറ്റ മുറിവുകളും പിൻഭാഗത്തായി കണ്ടെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. മെറ്റൽ ഡിറ്റക്ടർ അടക്കം എത്തിച്ചു പരിശോധിച്ചു. ആനകൾ കൊമ്പുകോർത്തപ്പോൾ ഉണ്ടായ മുറിവേറ്റാണു മരണമെന്ന് അധികൃതർ പറഞ്ഞു. പിന്നീട് പോസ്റ്റ്മോർട്ടം നടത്തി വനത്തിൽ സംസ്കരിച്ചു. കോന്നി– അച്ചൻകോവിൽ റോഡിൽ കടിയാർ ഭാഗത്ത് വനത്തിലൂടെയുള്ള പാടം റോഡിനു സമീപത്താണ് സംഭവം. അച്ചൻകോവിൽ റോഡിൽ നിന്ന് ഏകദേശം 500 മീറ്റർ മാറിയുള്ള ഭാഗമാണിവിടം. ചരിഞ്ഞ കൊമ്പന് 40 വയസ്സോളം ഉള്ളതായാണ് നിഗമനം.