സഞ്ചാരികളുടെ തിരക്കിൽ കോവളം തീരം; കോവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നത് ആദ്യം
Mail This Article
കോവളം∙ രണ്ടാംഘട്ട സീസണിൽ സജീവമായി കോവളം തീരം. സഞ്ചാരികളിൽ ഏറെയും റഷ്യക്കാരാണ്. ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും എത്തിയിട്ടുണ്ട്.ലൈറ്റ് ഹൗസ് ബീച്ചിൽ വർണക്കുടകൾക്കു കീഴിലെ കട്ടിലുകളിൽ സഞ്ചാരികളുടെ സാന്നിധ്യമുണ്ട്. പലരും കുടുംബം ആയിട്ടാണ് എത്തിയിരിക്കുന്നത്. ആയുർവേദ മസാജ്, യോഗ പരിശീലനം എന്നിവയ്ക്കാണ് മിക്ക സഞ്ചാരികളും സമയം കണ്ടെത്തുന്നത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വിദേശ സഞ്ചാരികളുടെ ഒഴുക്ക് വരും ദിവസങ്ങളിൽ വർധിക്കാം എന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്.ഇപ്പോഴത്തെ നിലയ്ക്ക് തിരക്ക് മാർച്ച് ഏപ്രിൽ മാസങ്ങളിലേക്കും നീളാനാണ് സാധ്യത.
കോവിഡിനു ശേഷം തീരത്ത് ഇത്തരത്തിൽ വിദേശ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നതും ആദ്യം. പകൽ മുഴുവൻ സഞ്ചാരികൾ സൂര്യ സ്നാനത്തിനും കടൽ കുളിക്കും സമയം കണ്ടെത്തുന്നു. കോവിഡിന് മുൻപുള്ള വർഷങ്ങൾ പോലെ ഇക്കുറി സീസൺ മേയ് പകുതി വരെ നീളാമെന്നും ടൂർ ഓപ്പറേറ്റർമാർ പറയുന്നു.അടിയൊഴുക്ക് ശക്തം;കടൽ കുളിക്കു നിയന്ത്രണം: വിനോദ സഞ്ചാര തീരത്തെ കടലിൽ അടിയൊഴുക്ക് ശക്തമായി തുടരുന്നതായി ലൈഫ് ഗാർഡുമാർ. തീരത്തോടടുത്തു മാത്രമാണ് കടൽ കുളിക്ക് അനുവാദം. കടൽ കുളിക്ക് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകി.