തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ: ഈ വർഷം ലഭിച്ചത് 940 കോടി, റെക്കോർഡ് വിഹിതം

Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം– കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിന് മുൻപ് അനുവദിച്ച 365 കോടിക്കു പുറമേ 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു. ഇതോടെ പദ്ധതിക്കായി ഈ വർഷം 940 കോടി രൂപയുടെ ബജറ്റ് വിഹിതമാണു ലഭിച്ചിരിക്കുന്നത്. റെക്കോർഡ് വിഹിതമാണ് ഇതെന്ന് റെയിൽവേ നിർമാണ വിഭാഗം അറിയിച്ചു.
തിരുവനന്തപുരം മുതൽ പാറശാല വരെ 30 കിലോമീറ്റർ ദൂരമാണു കേരളത്തിലുളളത്. ഇവിടെ രണ്ടാം പാത നിർമാണത്തിനു മുന്നോടിയായുള്ള വിവിധ പണികളുടെ കരാർ നൽകി. നേമം ടെർമിനലിന്റെ നിർമാണവും പുരോഗമിക്കുന്നു. നേമം മുതൽ പാറശാല വരെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടി സെപ്റ്റംബർ ആദ്യ വാരം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ജല അതോറിറ്റി പൈപ്പ് മാറ്റുന്ന പണി തുടങ്ങി. 3 പാലങ്ങളിലെ പൈപ്പുകൾ കൂടി മാറ്റാനുണ്ട്.
കേരളത്തിനും തമിഴ്നാടിനും പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയിൽ തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് മുന്തിയ പരിഗണനയാണു റെയിൽവേ ബോർഡ് നൽകുന്നത്. തിരുവനന്തപുരം മുതൽ നേമം വരെയുള്ള രണ്ടാം പാതയും നേമം ടെർമിനലും 2026 മാർച്ചിൽ കമ്മിഷൻ ചെയ്യാനാണു റെയിൽവേ ലക്ഷ്യമിടുന്നത്.
നേമത്ത് 4 പ്ലാറ്റ്ഫോമുകളും ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ്‌ലൈനുകളും അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്തിയിടാനാവശ്യമായ 4 സ്റ്റേബിളിങ് ലൈനുകളുമാണു നിർമിക്കുന്നത്. നേമം വരെ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി 13 പാലങ്ങളും പുനർനിർമിക്കുന്നുണ്ട്.