ഉറക്കം കെടുത്തുന്നു കാട്ടുപോത്തുകൾ; യാത്രക്കാർക്ക് ഭീഷണിയായി റോഡിലും കാട്ടുപോത്തുകളുടെ ശല്യം

Mail This Article
പാലോട്∙ മലയോര മേഖലയിൽ എല്ലാവിധ വന്യജീവികളുടെയും ശല്യം രൂക്ഷമാണെങ്കിലും ജനങ്ങളെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തുന്നത് നിലവിൽ കാട്ടുപോത്തുകളാണ്.പാലോട് പരിസര പ്രദേശങ്ങളായ പാണ്ടിയൻപാറ, വെള്ളയംദേശം, മൈലമൂട്, നന്ദിയോട് പഞ്ചായത്തിലെ കുടവനാട്, പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ, ബൗൺർമുക്ക്, മങ്കയം, ചിപ്പൻചിറ, ചോഴിയക്കോട്, അരിപ്പ, വേങ്കൊല്ല എന്നീ മേഖലകളിലെല്ലാം ഇവയെ കാണാം. കല്ലറ റോഡിൽ പാണ്ടിയൻപാറ, അടപ്പുപാറ, വെള്ളയംദേശം, മൈലമൂട് വനമേഖലയിൽ റോഡിൽ കാട്ടുപോത്തുകൾ നിൽക്കുന്നതു പതിവാണ്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവർക്ക് കടുത്ത ഭീഷണിയാണ്.
പാണ്ടിയൻപാറ മേഖലയിൽ അക്കേഷ്യ, മാഞ്ചിയം എന്നിവ വളർന്നു കിടക്കുന്ന പ്രദേശത്താണ് കാട്ടുപോത്തുകളുടെ കേന്ദ്രം. ഇവിടെ വർഷങ്ങൾക്ക് മുൻപ് വിദേശ സസ്യങ്ങൾ മുറിച്ചു മാറ്റി പുതിയ പ്ലാന്റേഷൻ നടത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സ്വാഭാവിക വനങ്ങൾ വച്ചു പിടിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. അതു നടന്നില്ല. പ്രദേശത്തെ ജനവാസ മേഖലയിലേക്കും പോത്തുകൾ എത്തുന്നുണ്ട്. ഒരു സ്കൂൾ വിദ്യാർഥി അടക്കം കാട്ടുപോത്തിന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അടുത്തിടെയാണ്. ചോഴിയക്കോട് മേഖലയിൽ മിക്ക ദിവസവും റോഡിൽ മാർഗ തടസ്സമായി പോത്തുകൾ ഉണ്ടാവും.