കാളി–ദാരിക യുദ്ധപ്രതീതിയില്ലാതെ ഇന്നു കാട്ടകാമ്പാൽ പൂരം

Mail This Article
കാട്ടകാമ്പാൽ ∙ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഭഗവതി ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രമായി പൂരം ഇന്ന്. ആയിരങ്ങൾക്കു മുൻപിൽ കാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ചിരുന്ന പൂരം, ഇത്തവണ അടച്ചിട്ട ക്ഷേത്ര മതിലകത്ത്. ക്ഷേത്രത്തിൽ പൂജകൾ മുടക്കമില്ലാതെ നടക്കും. അസുരരാജാവായ ദാരികനും ശിവപുത്രിയായ ഭദ്രകാളിയും തേരിലേറി പൂരപ്പറമ്പിനെ പോർക്കളമാക്കി യുദ്ധം ചെയ്യുന്നതാണു പൂര ചരിത്രം. കാലാൾ, കുതിരകൾ, തേര് , ആനകൾ എന്നിങ്ങനെ ചതുരംഗ പടയുമായാണ് ഇരുവരും യുദ്ധത്തിനെത്താറ്. ഇത്തവണ ഇതൊന്നുമുണ്ടാവില്ല.
മിനിഞ്ഞാന്നും ഇന്നലെയും കുതിരവേലകൾ ഉണ്ടായില്ല. കാളിയും ദാരികനും ഇത്തവണ ക്ഷേത്ര ഊട്ടുപുരയിൽ നിന്നാണു വേഷമണിഞ്ഞ് അമ്പലപറമ്പിൽ എത്തുക. ദേശത്തിലെ ആശാരിമാരുടെ നേതൃത്വത്തിൽ പണിയുന്ന തേരില്ലാതെ കാളിയും ദാരികനും എത്തുന്നതും ഇത്തവണ ആദ്യമായാണ്. ദാരികന്റെ പടയാളികളായ വഴിപാട് ദാരികൻമാരും ഇല്ലാത്ത പൂരമാണ് ഇന്നു നടക്കുക.
അലങ്കാരദീപങ്ങൾ ചാർത്തി നാടാകെ കാത്തിരുന്ന പൂരം ചടങ്ങുകൾ മാത്രമായി മാറിയതിന്റെ വിഷമത്തിലാണു തട്ടകം. ഇത്തവണ പൂരം വീടുകളിൽ തത്സമയം കാണാൻ സൗകര്യം ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം അധികൃതരുടെ നിർദേശങ്ങൾ പാലിച്ചാണു പൂരാഘോഷം നടത്തുകയെന്നു ഭരണസമിതി അറിയിച്ചു.