കനത്ത മഴയിലും ആവേശം ചോരാതെ കാട്ടകാമ്പാൽ പൂരം

Mail This Article
കാട്ടകാമ്പാൽ∙ കനത്ത മഴയിലും ആവേശം ചോരാതെ ഭഗവതി ക്ഷേത്രത്തിലെ പകൽപൂരം ആഘോഷിച്ചു. തട്ടകത്തമ്മയുടെ അനുഗ്രഹം തേടി രാവിലെ മുതൽ ക്ഷേത്രത്തിൽ ഒട്ടേറെപ്പേരെത്തി. വൈകിട്ടു കൂട്ടിയെഴുന്നള്ളിപ്പിനിടെ പെയ്ത കനത്ത മഴ കാണികളെ വലച്ചെങ്കിലും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ചടങ്ങുകൾ പൂർത്തിയാക്കി. ഇന്നു പുലർച്ചെ പ്രതീകാത്മക ദാരിക വധത്തോടെ പൂരം സമാപിക്കും.
ഇന്നലെ രാവിലെ പൂജകളോടെയായിരുന്നു പൂരത്തിന് തുടക്കം. തുടർന്ന് ഭഗവതിയെ വലിയമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ദാരികനുമായുള്ള യുദ്ധത്തിന് വിഘ്നം വരാതിരിക്കാൻ ഗണപതിക്കിടൽ ചടങ്ങ് നടന്നു. നടപ്പുര മേളത്തിന് ശേഷം ഉച്ചയോടെ എഴുന്നള്ളിപ്പുകൾ തുടങ്ങി. ആഘോഷങ്ങൾക്ക് മഴ ഇടയ്ക്ക് തടസ്സമായെങ്കിലും തട്ടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുപ്പതോളം ആനകൾ ക്ഷേത്രത്തിലെത്തി. വാദ്യങ്ങളിൽ മഴ കൊള്ളാതിരിക്കാൻ വലിയ ടാർപോളിൻ പിടിച്ച് എത്തിയ കമ്മിറ്റികൾ പൂരത്തിന്റെ ആവേശമായി.
ദേവസ്വം തിടമ്പേറ്റിയ കൊമ്പൻ പാറന്നൂർ നന്ദൻ കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരന്നതോടെ പാണ്ടിമേളം തുടങ്ങി. ആദ്യം ദാരികനും പിന്നീട് കാളിയും ക്ഷേത്രത്തിലെത്തി. കനത്ത മഴയിലും തേരിലേറി മതിലകത്തേക്ക് പടനയിച്ച കാളി -ദാരികർ ക്ഷേത്രാങ്കണത്തിൽ വാക്പോര് നടത്തി. കോപിഷ്ഠയായ ഭദ്രകാളിയെ പേടിച്ച് ദാരികൻ മായയിൽ മറയുന്ന സങ്കൽപത്തോടെയാണ് പകൽപൂരം സമാപിച്ചത്.
ഇന്നു പുലർച്ചെ പാലയ്ക്കൽ കാവിലെ പറയെടുപ്പിനു ശേഷം ക്ഷേത്രത്തിലെത്തുന്ന കാളി-ദാരികർ ആദ്യം വാക്പോര് നടത്തും. പേടിച്ചൊളിച്ചിരിക്കുന്ന ദാരികനെ കണ്ടെത്തി പ്രതീകാത്മക വധം നടത്തി ദാരിക കിരീടവുമായി കാളി മടങ്ങുന്നതോടെ പൂരം സമാപിക്കും. കോവിഡ് നിയന്ത്രണം മൂലം 2 വർഷം ചടങ്ങുകൾ മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. ഇത്തവണ വൻ ജനാവലിയാണ് പൂരത്തിന് എത്തിയത്.