ബണ്ട് നിർമാണം വൈകുന്നു; മാളയിൽ ഉപ്പുവെള്ള ഭീഷണി

Mail This Article
മാള ∙ ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളെ ബാധിക്കുന്ന ഉപ്പുവെള്ള പ്രശ്നത്തിന് പരിഹാരമായുള്ള ബണ്ട് നിർമാണം വൈകുന്നു.15,16,17,18 വാർഡുകളിലാണ് പ്രധാനമായും വേനലിൽ ഉപ്പുവെള്ള ഭീഷണിയുള്ളത്.ഏഴോളംസ്ഥലങ്ങളിൽ ബണ്ടുകൾ നിർമിച്ചാണ്പ്രശ്നത്തിനു താൽക്കാലിക പരിഹാരം കാണുന്നത്.
പലക, മണ്ണുനിറച്ച ചാക്കുകൾ എന്നിവ ഉപയോഗിച്ചാണ് ബണ്ട് നിർമിക്കുക. പ്രധാനമായും നെയ്തക്കുടി, പരനാട്ടുകുന്ന്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ബണ്ട് നിർമിക്കുക.നിർമാണം വൈകുന്നതിനാൽ കൃഷിയിടങ്ങളിലേക്ക് ഉപ്പ് കലരുന്നതായി കർഷകർ പറയുന്നു.
ഇക്കുറി ബണ്ട് നിർമാണത്തിന് മണ്ണ് എത്തിക്കുന്ന സമയത്ത് മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനാൽ നിർമാണം വൈകിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്
നിർമാണത്തിന് മണ്ണ് എടുക്കുന്നതിന് രേഖകൾ സമർപ്പിക്കുമെന്നും ഉടനടി നിർമാണം പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് ശാശ്വത പരിഹാര മാർഗമായ നെയ്തക്കുടി ‘ഓർ’ പുഴയിലെ സ്ലൂസ് നിർമാണം ഇനിയും നടന്നിട്ടില്ല.മുൻ വർഷങ്ങളിലെ ബജറ്റിൽ നിർമാണത്തിന് തുക വകയിരുത്തും. എന്നാൽ തുടർ നടപടികൾ ഉണ്ടാകാറില്ല. ഉപ്പുവെള്ളം കയറുന്നതിന് ഉടനടി പരിഹാരം കണ്ടെത്തണമെന്ന് ബിജെപി മാള മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.