ശക്തമായ മഴ; റോഡിൽ വെള്ളക്കെട്ട്

Mail This Article
ചാലക്കുടി ∙ ഇന്നലെ പെയ്ത ശക്തമായ മഴയിൽ ദേശീയപാത സർവീസ് റോഡിൽ ഗവ. ആശുപത്രി സ്റ്റോപ്പിനു സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയുടെ ശക്തി കുറഞ്ഞതോടെയാണു വെള്ളക്കെട്ടൊഴിഞ്ഞത്. സർവീസ് റോഡിന്റെ ഓരത്ത് കാനയുണ്ടെങ്കിലും ശാസ്ത്രീയമായല്ല നിർമിച്ചതെന്നാണു പരാതി. സർവീസ് റോഡിലെ വെള്ളക്കെട്ട് കാനയിലൂടെ ഒഴുകിപ്പോകാൻ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. ഹൗസിങ് ബോർഡ് കോളനിയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് ടൈൽ വിരിച്ചതോടെ റോഡ് ഉയർന്നതു ശക്തമായ മഴയിൽ വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും വെള്ളം കയറുന്നതിനു വഴിയൊരുക്കുന്നുണ്ട്. മതിയായ ഡ്രെയ്നേജ് സൗകര്യം ഈ ഭാഗത്ത് ഒരുക്കണമെന്നും നിർദേശമുണ്ട്.
കയ്പമംഗലം ∙ മഴയിൽ തീരദേശ ഭാഗങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട്. എടത്തിരുത്തി കോഴിതുമ്പ്, കയ്പമംഗലം മനിക്കപ്പാടം ഭാഗങ്ങളിൽ റോഡും പരിസരങ്ങളും വെള്ളത്തിലായി. വഴിയമ്പലം കൊറ്റംകുളം നിയുക്ത ബൈപാസിന് നിരപ്പാക്കിയ സ്ഥലങ്ങൽ പലഭാഗങ്ങളിലും വെള്ളക്കെട്ടായി. റോഡിനായി തോടുകൾ നികത്തിയ പറമ്പുകളിലാണ് വെള്ളക്കെട്ടുളളത്.
മതിൽ ഇടിഞ്ഞ് വീണു
ഇരിങ്ങാലക്കുട ∙ നഗരസഭ 39–ാം വാർഡിൽ പൊറത്തിശ്ശേരി കല്ലട പരിസരത്ത് വീടിന്റെ മതിൽ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ഇടിഞ്ഞ് വീണു. കല്ലട പരിസരത്ത് കാന നിർമാണം നടക്കുന്നതിനിടെയാണ് പ്രദേശവാസിയായ കോട്ടപ്പടി സതീഷിന്റെ വീടിന്റെ മതിലും ഗേറ്റും പൂർണമായും തകർന്ന് വീണത്. കാന നിർമാണത്തിനായി മതിലിനോട് ചേർന്ന് മണ്ണ് നീക്കം ചെയ്തിരുന്നു.
10.5 ലക്ഷം രൂപ ചെലവഴിച്ചാണ് കാന നിർമിക്കുന്നത്. നിയമത്തിന്റെ നൂലാമാലകളും സാങ്കേതിക നടപടി ക്രമങ്ങളും ചൂണ്ടിക്കാട്ടി നഗരസഭ എൻജീനീയറിങ് വിഭാഗം കാന നിർമാണം നീട്ടി കൊണ്ട് പോയതാണ് മതിൽ ഇടിഞ്ഞ് വീഴാൻ കാരണമെന്നും വീട്ടുടമയ്ക്ക് നഗരസഭ നഷ്ടപരിഹാരം നൽകണമെന്നും വാർഡ് കൗൺസിലർ ടി.കെ.ഷാജു ആവശ്യപ്പെട്ടു.