ADVERTISEMENT

തൃശൂർ ∙തിരിച്ചുവരുന്നതു ശുദ്ധ പാണ്ടിയുടെ ഏറ്റവും ശക്തനായ വക്താവ്. പൂരത്തിന്റെ പാണ്ടിയിൽ പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്നിരുന്നതു പരിയാരത്ത്, കിഴക്കൂട്ട്, മാക്കോത്തു മാരാൻമാരുടെ പാണ്ടിയായിരുന്നു. ഇതെല്ലാം തന്നെ ഒരേ ശൈലിയിൽ സംഗീതാത്മകമായി കൊട്ടിത്തീരുന്ന പാണ്ടിയുമായിരുന്നു. 

ഈ പാരമ്പര്യത്തിന്റ പിൻമുറക്കാരനാണു 24 വർഷത്തിനു ശേഷം തിരിച്ചുവരുന്ന കിഴക്കൂട്ട് അനിയൻ മാരാർ. പരിയാരത്ത് കുഞ്ചുമാരാരുടെ ശിഷ്യനായ കിഴക്കൂട്ട് എന്നും പരിയാരം ശൈലിയുടെ വക്താവായിരുന്നു. 

melam-2
ചെറുശ്ശേരി കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ

പരിയാരത്ത് കുഞ്ചുമാരാർ പ്രമാണിയായിരിക്കെയാണ് അനിയൻ മാരാർ ആദ്യമായി ഇലഞ്ഞിത്തറയിലെത്തിയത്. 98–ൽ പ്രമാണി സ്ഥാനത്തിനു അർഹതയുണ്ടായിട്ടും പുറത്തു പോകേണ്ടി വന്നതോടെ അദ്ദേഹം പൂരത്തിൽ നിന്നു പൂർണമായും മാറിനിന്നു. ആരോടും പരിഭവം പറയാതെയായിരുന്നു ഈ മാറി നിൽക്കൽ. കടുത്ത നിർബന്ധത്തിനു ശേഷമാണു 12 വർഷത്തിനു ശേഷം അദ്ദേഹം തിരുവമ്പാടിയുടെ പ്രമാണിയായി തിരിച്ചെത്തിയത്. 

ഇലഞ്ഞിത്തറയും തിരുവമ്പാടിയുടെ കലാശവും ഒന്നിന്നൊന്നു മാറ്റുരയ്ക്കാൻ തുടങ്ങിയതും ഇതിനു ശേഷമാണ്. പകൽപൂരത്തിന്റെ മേളവും ഇതോടെ അനിയൻ മാരാരുടെ പ്രതിഭയുടെ തിളക്കമറിഞ്ഞു. പാണ്ടിയുടെ ഇറക്കമില്ലാത്ത കയറ്റത്തിന്റെ സൗന്ദര്യം എന്നും കാത്തു സൂക്ഷിച്ചതാണു അനിയൻ മാരാരുടെ കിഴക്കൂട്ടു ശൈലി. വല്ലാതെ മുറുക്കി ബഹളം വയ്ക്കാതെ സംഗീതാത്മകമായി പാണ്ടി കലാശിക്കുന്നതും പ്രത്യേകതയായിരുന്നു. 

പാണ്ടിയുടെ തുടക്കത്തെ വെല്ലുന്ന സംഗീത സൗന്ദര്യം അദ്ദേഹം തന്റെ ഗുരുക്കന്മാരുടെ പോലെത്തന്നെ നിലനിർത്തുകയും ചെയ്തു. ആരോടും സംസാരിക്കാതെ ചിരിച്ചുകൊണ്ടു തല കുലുക്കി നിൽക്കുന്ന അനിയൻ മാരാർ മേളത്തിലെ ഓരോരുത്തരെയും നിയന്ത്രിച്ചിരുന്നതു തന്റെ സ്വതസിദ്ധമായ നോട്ടം കൊണ്ടായിരുന്നു. ഒരിക്കൽപോലും മേളവും പെരുമാറ്റവും രൗദ്രഭാവം കാണിച്ചില്ലെന്നതാണു കിഴക്കൂട്ടു പാണ്ടിയുടെ പ്രത്യേകത.

 

പെരുവനം കുട്ടൻമാരാർ

തൃശൂർ ∙കുട്ടൻ മാരാർ ഇലഞ്ഞിത്തറയിൽ നിന്നു പടിയിറങ്ങിയതു ചരിത്രത്തിലേക്ക്. മറ്റു ക്ഷേത്രങ്ങളിൽ അദ്ദേഹം പ്രമാണിയായി തുടരുമെങ്കിലും ഇനി ഇലഞ്ഞിത്തറയിലുണ്ടാകില്ല. ഇലഞ്ഞിത്തറയുടെ ചരിത്രത്തിൽ ഒരാളും ഇത്രയേറെക്കാലം പ്രമാണിയായിരുന്നിട്ടില്ല. 22 വർഷം പ്രമാണിയായ പരിയാരത്ത് കുഞ്ചുമാരാർക്കും മുന്നിലാണു 24 വർഷം പ്രമാണിയായ കുട്ടൻ മാരാർ. മേളത്തിനും കലാകാരന്മാർക്കും പുതിയ വഴികൾ കൂടി തുറന്നിട്ടാണു കുട്ടൻ മാരാർ ഇലഞ്ഞിത്തറയിലും മറ്റു മേളപ്പറമ്പുകളിലും പ്രതിഭയായി നിറഞ്ഞുനിന്നത്. 

നിർഭാഗ്യകരമായൊരു തർക്കം ഇറക്കത്തിന് ഇടയാക്കിയെന്നു മാത്രം. ഇതു കുട്ടൻ മാരാരുടെ മേള ജീവിതത്തിലെ ഇറക്കം അല്ല. എൺപതുകളിൽ വലിയ പ്രമാണിമാർ വിട പറയുകയും മേള രംഗത്തെ തലപ്പൊക്കം കുറയുകയും ചെയ്ത സമയത്താണു കുട്ടൻ മാരാർ അതിനെ ഉയർത്തിയതെന്നതാണു ശ്രദ്ധേയം. താനുമായി സഹകരിക്കാത്തവരുമായി പോലും അദ്ദേഹം അടുപ്പമുണ്ടാക്കുകയും അവരെ കൂടെ നിർത്തുകയും ചെയ്തു. കേളത്ത് അരവിന്ദാക്ഷമാരാരെ പോലുള്ള പ്രതിഭകളെ ചേർത്തുനിർത്തി എന്നതാണു കുട്ടൻ മാരാരെ ഉയരങ്ങളിലെത്തിച്ചത്. 

പെരുവനം സതീശൻ, തിരുവല്ല രാധാകൃഷ്ണൻ, പെരുവനം രഘു, ചൊവ്വല്ലൂർ മോഹനൻ തുടങ്ങിയ ശക്തമായ രണ്ടാം നിര കെട്ടിപ്പടുത്തു എന്നതാണു ശ്രദ്ധേയം. ഇവരെല്ലാം പലയിടത്തും മേള പ്രമാണിമാരുമായി. ഇതോടൊപ്പം തന്നെ നൂറുകണക്കിനു കലാകാരന്മാരെ ഒരുമിച്ച് അദ്ദേഹം കൂടെ കൊണ്ടു നടന്നു. ഇലഞ്ഞിത്തറയിലെ മേളത്തിലെ പ്രമാണിയെന്നത് അദ്ദേഹത്തിനു വലിയ വിലാസം നൽകിയെന്നതു സത്യമാണ്. 

തിരുവമ്പാടി പ്രമാണം ചെറുശ്ശേരിക്കാകും

തൃശൂർ ∙ ചെറുശ്ശേരി കുട്ടൻ മാരാർ തിരുവമ്പാടിയുടെ മേള പ്രമാണിയാകും. ദേവസ്വം ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു സാധ്യതകൾ വളരെ കുറവാണ്. കിഴക്കൂട്ട് അനിയൻ മാരാർ തിരുവമ്പാടി മേളത്തിന്റെ പ്രമാണി സ്ഥാനമൊഴിഞ്ഞു പാറമേക്കാവു മേള പ്രമാണിയാകുന്നതോടെയാണിത്.ഇപ്പോൾ കിഴക്കൂട്ടിന്റ ഇടത്തു നിന്നു കൊട്ടുന്ന ചെറുശ്ശേരി കുട്ടൻ പല ക്ഷേത്രങ്ങളിലെയും പ്രമാണിയാണ്. മേളത്തിന്റെ പുതിയ തലമുറയിലെ വക്താക്കളിലൊരാളായ ചെറുശ്ശേരി പെരുവനം ശൈലിയുടെ പി‍ൻതുടർച്ചക്കാരനാണ്. 

പെരുവനം കുട്ടൻ മാരാരുടെയും പെരുവനം സതീശൻ മാരാരുടെയും ഗുരുവായ കുമരപുരത്ത് അപ്പുമാരാരുടെ മകനാണ് ചെറുശ്ശേരി. അതുകൊണ്ടുതന്നെ ഒരേ ഗുരുമുഖത്തിലെ ശൈലിയാണു ഇവർക്കെല്ലാമുള്ളത്. മേളത്തെ കയറിപ്പോകാതെ നിയന്ത്രിച്ചു നിർത്തുന്നു എന്നതിലൂടെയാണു ചെറുശ്ശേരി ശ്രദ്ധേയനാകുന്നത്. പ്രശസ്തമായ പെരുവനം പൂരത്തിൽ, ഊരകത്തിന്റെ പ്രമാണിയാണു ചെറുശ്ശേരി. അദ്ദേഹത്തെ പെരുവനം ശൈലിയുടെ ഭാഗമായി നിർത്തുന്നതും ഇതുതന്നെയാണ്. പുതിയ പദവി മേളത്തിലെ പുതിയൊരു വലിയ പ്രമാണിയുടെ ഉദയം കൂടിയാകും. 

പെരുവനം സതീശനും ചെറുശ്ശേരിയും സമകാലികരാണ്. കിഴക്കൂട്ടിന്റെ വലത്തു ചെണ്ട സതീശനാകും എന്നുതന്നെയാണു സൂചന.പെരുവനം പൂരത്തിനു ചാത്തക്കുടം ശാസ്താവിന്റെ പഞ്ചാരിയുടെ പ്രമാണിയാണു സതീശൻ. പഞ്ചാരിയുടെ സംഗീതാത്മക ശൈലിയിൽ സതീശൻ തുടരുന്നതു കറ കളഞ്ഞ പെരുവനം പഞ്ചാരിയുടെ രീതിയാണ്. പെരുവനം കുട്ടൻ മാരാർക്കു കരുത്തായി നിന്നിരുന്ന സതീശൻ കിഴക്കൂട്ടിനു ഇലഞ്ഞിത്തറയിലും പ്രധാന സഹായിയാകുമെന്നാണു കരുതുന്നത്. സതീശന്റ ഈ സ്ഥാനക്കയറ്റം ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാകും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com