ജീവനക്കാരുടെ സമരഭീഷണി: ചോരവറ്റി ഐഎംഎ ബ്ലഡ് ബാങ്ക്
Mail This Article
തൃശൂർ ∙ ഇന്ന് രക്തദാന ദിനം ആചരിക്കുമ്പോൾ ജീവനക്കാരുടെ സമരഭീഷണി മൂലം കടുത്ത പ്രതിസന്ധിയിൽ രാമവർമപുരത്തെ ഐഎംഎ ബ്ലഡ് ബാങ്ക്. വേതന വർധന നടപ്പാക്കിയില്ലെങ്കിൽ നാളെ മുതൽ രക്ത ബാങ്കിന്റെ മുഴുവൻ പ്രവർത്തനവും സ്തംഭിപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രക്തദാന ക്യാംപുകൾ മുടങ്ങുമെന്നും ബ്ലഡ് ബാങ്കിലെ ആയിരത്തിലധികം യൂണിറ്റ് രക്തവും രക്തഘടകങ്ങളും നശിച്ചുപോകുമെന്നും ആശങ്ക.
3 ജില്ലകളിലെ വിവിധ ആശുപത്രികളിലെ രോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് ഇത്. രക്തം സ്വീകരിക്കുന്ന രോഗികളിൽ നിന്ന് പ്രോസസിങ് ചാർജ് ആയി സ്വീകരിക്കുന്ന തുക കൊണ്ടു പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിൽ, ഒരു വിഭാഗം ജീവനക്കാർ ഭരണ സമിതി നിർദേശിച്ച വേതന വർധന അംഗീകരിക്കാത്തതാണു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡയറക്ടർ വികെ.ഗോപിനാഥൻ, ചെയർപഴ്സൻ ശോഭന മോഹൻദാസ് എന്നിവർ അറിയിച്ചു. സർക്കാരിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ധനസഹായം സ്വീകരിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു രക്തം സ്വീകരിക്കുന്നവരിൽ നിന്നു ലഭിക്കുന്ന തുകയാണ് ആകെ വരുമാനം.
ഇതിൽ 60 ശതമാനവും ജീവനക്കാരുടെ വേതനത്തിനും ആനുകൂല്യങ്ങൾക്കുമായാണു നീക്കി വയ്ക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇഎസ്ഐ, ഇപിഎഫ്, ഉത്സവബത്ത, ഗ്രാറ്റുവിറ്റി എന്നിവ നൽകുന്നുണ്ട്. വേതന വർധന സംബന്ധിച്ച് കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ലേബർ ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും ഒരു വിഭാഗം ജീവനക്കാർ വേതന വർധന അംഗീകരിച്ചില്ല. രക്തദാന ക്യാംപുകൾ നടത്താൻ തയാറായി നിൽക്കുന്ന സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ആശങ്കയിലാണ്.