മഴ: കുഴികളോരോന്നും കുളങ്ങളായി...

Mail This Article
പെരുമ്പിലാവ് റോഡ് വികസിച്ചപ്പോൾ ഫ്രീ ആയിട്ടൊരു ‘കുളം’
പെരുമ്പിലാവ് ∙ മഴ കനത്താൽ കുളമാകുന്ന പെരുമ്പിലാവ് സെന്ററിന്റെ ദുരിതത്തിനു റോഡ് നവീകരണത്തിനു ശേഷവും ശമനമില്ല. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാനപാത വികസനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ ഭാഗത്താണു വെള്ളക്കെട്ട്.
സെന്ററിലെ വെള്ളക്കെട്ടിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പ്രശ്നം രൂക്ഷമായതോടെ 4 വർഷം മുൻപു പാതയുടെ ഒരു വശത്തു പുതിയ കാനകൾ നിർമിച്ചിരുന്നു. എന്നാൽ റോഡിൽ ഒഴുകിയെത്തുന്ന വെള്ളം കാനയിലേക്കു തിരിച്ചു വിടാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
ജംക്‌ഷന്റെ പടിഞ്ഞാറു ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ മുട്ടോളം വെള്ളം കയറുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് മൂലം ജനങ്ങൾ കടകളിൽ കയറാൻ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. കാൽനട യാത്രക്കാരും ദുരിതത്തിലാണ്.സംസ്ഥാനപാത നവീകരണം പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിനു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.
എന്നാൽ അക്കിക്കാവ് സെന്ററിനും പെരുമ്പിലാവിനും ഇടയിലുള്ള കലുങ്ക് പുനർ നിർമിക്കാതെയാണു റോഡു നിർമാണം നടത്തിയത്. ഇതിനെതിരെ അന്ന് വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. സെന്ററിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രധാന മാർഗമായിരുന്നു ഈ കലുങ്കിന്റെ പുനർ നിർമാണം. സംസ്ഥാനപാത വികസനം പാതിവഴിയിൽ നിലച്ചതോടെ വെള്ളക്കെട്ടു മൂലമുള്ള ദുരിതത്തിനു അടുത്ത കാലത്തൊന്നും പരിഹാരമുണ്ടാകില്ലെന്ന് ഉറപ്പായി.
പെങ്ങാമുക്ക് കാണുന്നില്ലേ? കാന
പെങ്ങാമുക്ക്∙ ഹൈസ്കൂളിന് സമീപം റോഡിലെ വെള്ളക്കെട്ട് നാട്ടുകാരെ വലയ്ക്കുന്നു. മഴവെള്ളം ഒലിച്ചു പോകാത്തതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം. ഹൈസ്കൂളിന് സമീപം കാനയില്ലാത്തതിനാൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. മഴ പെയ്താൽ ഇതോടെ സ്കൂൾ കവാടത്തിന് സമീപം വെള്ളക്കെട്ട് പതിവായി. പാറേമ്പാടം–ആറ്റുപുറം റോഡ് നവീകരണത്തിന്റെ ഭാഗമായി 5 വർഷം മുൻപ് കാന നിർമിച്ചപ്പോൾ ഈ ഭാഗം ഒഴിവാക്കിയിരുന്നു.
റോഡിന്റെ വീതി കുറവും കാന നിർമാണത്തിന് തടസ്സമായി. മറ്റു ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകി ഇവിടെ കെട്ടികിടക്കുന്നതു സമീപ വീടുകൾക്കും പ്രശ്നമാണ്. റോഡരികിൽ ചെറിയ കാന നിർമിച്ചാൽ വെള്ളക്കെട്ട് ഒഴിവാകുമെന്ന് നാട്ടുകാർ പറഞ്ഞു. കാന നിർമിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുന്നംകുളം കുഴി മൂടിയില്ല; മറ നിന്നുമില്ല
കുന്നംകുളം ∙ സീനിയർ ഗ്രൗണ്ട് റോഡിന്റെ വശം തകർന്നു കുഴി രൂപപ്പെട്ടു. ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച ഭാഗം ശരിയായി മൂടാത്തതാണു കാരണം. ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവായി. കുഴി മറ കെട്ടി അപകടം ഒഴിവാക്കാൻ ശ്രമിച്ചുവെങ്കിലും കാറ്റിൽ മറയുടെ ഒരു വശം വീണു.