വയോജനങ്ങൾ വർധിക്കുന്നു; ഒപ്പം, ഡിമെൻഷ്യയും
Mail This Article
തൃശൂർ ∙ ജനസംഖ്യയിൽ വയോജനങ്ങളുടെ തോത് വർധിക്കുന്നതിനൊപ്പം സമൂഹത്തിൽ ഡിമെൻഷ്യ (മറവിരോഗം) ബാധിതരുടെ എണ്ണവും പെരുകുന്നതായി വിലയിരുത്തൽ. ലോക അൽസ്ഹൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും (ഐപിഎസ്) ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങൾ പങ്കുവയ്ക്കപ്പെട്ടത്. മിക്കവാറും എല്ലാ രോഗബാധിതരും വീടുകളിൽ തന്നെയാണ് കഴിയുന്നത്. അതിനാൽ, ഡിമെൻഷ്യ ബാധിതർക്കുള്ള ഗൃഹപരിചരണം വളരെ പ്രധാനമാണ്. ഇതിന് പരിശീലനവും മാർഗനിർദേശങ്ങളും ഉൾപ്പെടുന്ന സമഗ്ര പദ്ധതി രൂപം നൽകണം. സംസ്ഥാന സർക്കാരിന്റെ ‘ഓർമത്തോണി’ പദ്ധതി സ്വാഗതാർഹമാണെന്നും അൽസ്ഹൈമേഴ്സ് ദിനാചരണ ചടങ്ങിലെ പ്രസംഗകർ ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഫോർ ഓൾഡർ പീപ്പിൾ, സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി നടത്തിയത്.
ഐപിഎസ് കേരള ഘടകം പ്രസിഡന്റ് ഡോ. മോഹൻ സുന്ദരം ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡോ.പി.എം. സലീം, എസ്‌സിഎഫ്‌ഡബ്ല്യുഎ സംസ്ഥാന ജോ. സെക്രട്ടറി പി.ടി. ബാലൻ, ആരോഗ്യസർവകലാശാല ഡീൻ ഡോ.കെ.എസ്. ഷാജി, ഡോ. നീതി വിൽസൺ, ഡോ.അനീസ് അലി, ഡോ. ഫാ. ഡേവ് അഗസ്റ്റിൻ അക്കര എന്നിവർ പ്രസംഗിച്ചു.