ചിറങ്ങരയിൽ അഴിയാക്കുരുക്ക്; നിർമാണം ഗുണനിലവാരമില്ലെന്നു പരാതി, സ്ലാബുകൾ വീണ്ടും തകർന്നു

Mail This Article
കൊരട്ടി ∙ ചിറങ്ങര മുതൽ ജെടിഎസ് ജംക്‌ഷൻ വരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇനിയും അയവില്ല. ഇന്നലെയും കിലോമീറ്ററുകൾ വാഹനനിര നീണ്ടു.ചിറങ്ങരയിലും കൊരട്ടിയിലും ഡ്രെയ്നേജ് സംവിധാനത്തിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകർന്നു. ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിനു സമീപമാണു വാഹനം കയറി സ്ലാബ് തകർന്നത്. ഇവിടെ സുരക്ഷാ കോണുകൾ വച്ചാണു ഗതാഗതക്രമീകരണം. ഇതു വാഹനങ്ങളുടെ വേഗത്തെ ബാധിക്കുന്നു. അടിപ്പാത നിർമാണത്തിനായി പ്രധാന പാത പൊളിച്ചിട്ടിരിക്കുകയാണ്.
ബദൽ റോഡിലേക്കു കയറിയ വാഹനങ്ങൾ വീണ്ടും പ്രധാന പാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തു കോൺക്രീറ്റ് ചെയ്യാത്തതിനാൽ വാഹനങ്ങൾ വേഗം കുറയ്ക്കുന്നതു കുരുക്കിന് വഴിയൊരുക്കുന്നു. കൊരട്ടിയിൽ ദേശീയപാതയോരത്തു ലോറി കയറിയാണു സ്ലാബ് തകർന്നത്. ഇവിടെ അപകടാവസ്ഥയുണ്ട്. എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കുരുക്കിൽപ്പെടുന്നതു പതിവാണ്. ശനി, തിങ്കൾ ദിവസങ്ങളിൽ കുരുക്ക് അതിരൂക്ഷമായിരുന്നു. ഇപ്പോൾ മറ്റു ദിവസങ്ങളിലും കുരുക്ക് നീളുന്നതു പതിവായി. കിലോമീറ്ററുകൾ നീളുന്ന കുരുക്കു ജനങ്ങളെ വലയ്ക്കുമ്പോഴും അധികൃതർ പരിഹാര നടപടികൾക്കു തയാറാകാത്തതിൽ പ്രതിഷേധമുണ്ട്.