നാടുചുറ്റി കാട്ടുപോത്ത്; ഒഴിയാഭീതി

Mail This Article
കൽപറ്റ ∙ ദിവസങ്ങളായി നാട്ടിൽ കറങ്ങുന്ന കാട്ടുപോത്ത് നാട്ടുകാരിൽ ഭീതിയുണർത്തുന്നു. കഴിഞ്ഞ ശനിയാഴ്ച മുട്ടിലിന് അടുത്ത എടപ്പെട്ടിയിൽ വിവേകാനന്ദ റോഡിലും പരിസരത്തുമാണ് ആദ്യമായി കാട്ടുപോത്ത് എത്തിയത്. ഒട്ടേറെ പുരയിടങ്ങളിലൂടെ കറങ്ങിയ കാട്ടുപോത്ത് സമീപത്തെ തോട്ടത്തിലേക്കു കയറിപ്പോയി. രാത്രിയോടെ ജനവാസ കേന്ദ്രങ്ങളായ മടക്കിമല, കമ്പളക്കാടിനടുത്ത പൂവനാരിക്കുന്ന് എന്നിവിടങ്ങളിൽ എത്തി. തുടർന്നു പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്നു ജനവാസ കേന്ദ്രത്തിൽ നിന്നു ഒഴിവാക്കി വിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച കരണി, മുരണിക്കര എന്നിവിടങ്ങളിലും കാട്ടുപോത്തിനെ കണ്ടു.
ഇന്നലെ തെക്കുംതറയിലാണ് കാട്ടുപോത്തിനെ കണ്ടത്. ഇതുവരെ നാട്ടുകാരെ ആരെയും ഉപദ്രവിച്ചിട്ടില്ലെങ്കിലും കുട്ടികൾ അടക്കം ഭീതിയിലാണ്. മാസങ്ങൾക്കു മുൻപ് കൽപറ്റയ്ക്കു സമീപം ചുഴലി, വെള്ളാരംകുന്ന്, തുർക്കി ബസാർ, കൽപറ്റ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലും കാട്ടുപോത്ത് എത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തിനെ വനത്തിലേക്കു കയറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.