കാട്ടാനയാക്രമണത്തിൽ മാനു കൊല്ലപ്പെട്ട സംഭവം; കാപ്പാട്ട് ട്രഞ്ചുകളുടെ നവീകരണം തുടങ്ങി, തുരുത്താൻ കുങ്കികളും

Mail This Article
ബത്തേരി ∙ നൂൽപുഴ പഞ്ചായത്തിലെ കാപ്പാടുണ്ടായ കാട്ടാനയാക്രമണത്തിൽ ഗോത്ര യുവാവ് മാനു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളിൽ ഓരോന്നായി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങി. കാപ്പാട് ഗ്രാമത്തിന്റെ ഒന്നര കിലോമീറ്റർ നീളുന്ന വനാതിർത്തികളിലെ ട്രഞ്ചുകളുടെ നവീകരണം ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ആനത്താരകളിലെ കടവുകളാണ് ആദ്യഘട്ടത്തിൽ വൃത്തിയാക്കുന്നത്. ഇടിഞ്ഞു പോയ ഭാഗം മണ്ണുകോരി ആനയിറങ്ങാത്ത വിധമാക്കുകയാണു ലക്ഷ്യം. വനാതിർത്തികളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തികളും ഉടൻ തുടങ്ങും.

കുങ്കികൾ വിക്രമും ഭരതും രംഗത്ത്
ബത്തേരി ∙ മാനുവിനെ കൊന്ന കാട്ടുകൊമ്പൻ അടക്കം 3 ആനകൾ കാപ്പാട് ഗ്രാമത്തിന്റെ അതിർത്തികളിൽ തമ്പടിച്ചതിനെ തുടർന്ന് അവയെ തുരത്താൻ മുത്തങ്ങ ആനപ്പന്തിയിൽ നിന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് എത്തിച്ചത്. കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇന്നലെ നടന്നത്. പ്രദേശത്ത് വനംവകുപ്പ് മുഴുവൻ സമയ പട്രോളിങും നടത്തി. റേഞ്ച് ഓഫിസർ സഞ്ജയ്കുമാർ നേതൃത്വം നൽകി.
ആംബുലൻസ് തടഞ്ഞു;16 പേർക്ക്എതിരെ കേസ്
ബത്തേരി ∙ കാപ്പാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലേക്കു ആംബുലൻസിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം യൂണിറ്റിന് സമീപം തടഞ്ഞ സംഭവത്തിൽ 16 യുഡിഎഫ് നേതാക്കൾക്കെതിരെ പൊലീസ് കേസ്. പേരെടുത്തു സൂചിപ്പിച്ച് 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന 6 പേർക്കെതിരെയുമാണ് കേസ്. പൊലീസ് പിന്നീട് ബലം പ്രയോഗിച്ചാണ് സ്ഥലത്തു നിന്ന് ആംബുലൻസ് കൊണ്ടു പോയത്.
പോസ്റ്റ്മോർട്ടം വൻ പൊലീസ് കാവലിൽ
ബത്തേരി ∙ അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇന്നലെ ഉച്ച തിരിഞ്ഞു രണ്ടരയോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലേന്ന് മാനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനെത്തിയപ്പോൾ തടഞ്ഞതു കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്തിരനാർകോട്ടിക് ഡിവൈഎസ്പിയുടെ റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.